തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കേരളാ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. പവന്‍ ഹാന്‍സിന്റെ ആദ്യ സംഘത്തില്‍ രണ്ട് ക്യാപ്റ്റന്‍മാരും പവന്‍ ഹാന്‍സിന്റെ മൂന്നു എഞ്ചിനിയര്‍മാരും എത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നേരത്തെ വിവാദമായ ഹെലിക്കോപ്റ്റര്‍ ഇടപാടിന് കൊവിഡ് 19 യെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടെയും സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ഹാന്‍സ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയത്. ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്‍കാന്‍ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയതും വിവാദമായിരുന്നു.
തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്ററുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാര്‍ ഒപ്പിടല്‍ അനിശ്ചിത്വത്തിലായി. ഒരു മാസത്തെ വാടകയെങ്കിലും മുന്‍കൂര്‍ നല്‍കണമെന്നായിരുന്നു പവന്‍ ഹന്‍സിന്റെ ആവശ്യം. തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റില്‍ പൊലീസിന് അനുവദിച്ച തുകയില്‍ നിന്നും ഒന്നരക്കോടി രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.

