Tuesday, May 21, 2024
spot_img

എൻ ഐ എ ആതിഥേയർ ആയി; ശിവശങ്കർ ഇന്ന് വക്കീലിനെ കാണും, ചോദ്യം ചെയ്യൽ തുടരും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യൽ ഇന്നും തുടരും . രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസില്‍ വീണ്ടുമെത്താനാണ് എന്‍ ഐ എ നിര്‍ദേശിച്ചിരിക്കുന്നത്‌. തിങ്കളാഴ്ച നീണ്ട ഒൻപതര മണിക്കൂര്‍‌ ചോദ്യം ചെയ്താണ് ശിവശങ്കറിനെ എന്‍ ഐ എ വിട്ടയച്ചത്. ഇപ്പോൾ ശിവശങ്കര്‍ കൊച്ചിയില്‍ കഴിയുന്നത് എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്. എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക്‌ ചെയ്തതത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ തങ്ങുന്നുണ്ട്. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന്‌ താമസം ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ലെന്ന നിലപാടാണ് ഇന്നലെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ എടുത്തത് . ഇവര്‍ക്കു സ്വപ്നയുമായുള്ള സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നുവെന്നും നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. സ്വപ്നയുടെ ഭര്‍ത്താവു ക്ഷണിച്ചപ്പോള്‍ മാത്രമാണ് ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുള്ളതെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

അതേസമയം, കേസിൽ ശിവശങ്കരന് ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ. ഇതോടെ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നാണ് സൂചന. കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്
പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍.

Related Articles

Latest Articles