ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
അതേസമയം, ഇടക്കാല വിദേശകാര്യ മന്ത്രിയായി അലി ബഗേരിയെ മന്ത്രിസഭ നിയമിച്ചു. ഹെലികോപ്ടർ അപകടത്തിൽ വിദേശകാര്യമന്ത്രി അമിരാബ്ദൊള്ളാഹ്യൻ മരണപ്പെട്ടതോടെയാണ് ഇടക്കാല മന്ത്രിയെ നിയമിച്ചത്.

