പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപമുള്ള ബിജെപിയുടെ ഭവാനിപുർ പാർട്ടി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഭരണഘടനാ സംരക്ഷണത്തിൻ്റെ മറവിൽ മുഖ്യമന്ത്രി ധർണ്ണ നടത്തുമ്പോൾ പാർട്ടി പ്രവർത്തകർ സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നടത്തുകയാണെന്നും പൊലീസ് വെറും നോക്കുകുത്തികൾ മാത്രമാണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. ഇതോടെ കൊൽക്കത്തയിൽ ബിജെപി തൃണമൂൽ പ്രവത്തകർ തമ്മിലുള്ള സംഘർഷ സാധ്യത വർധിച്ചിരിക്കുകയാണ്.

അതെ സമയം പശ്ചിമ ബംഗാളിലെ സംഭവങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ആശങ്ക ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ബംഗാളിൽ ആക്രമണങ്ങൾ നടക്കുന്നതെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ അനിവാര്യമാണെന്നും ബിജെപി നേതാക്കളായ നിർമല സീതാരാമൻ, മുഖ്‌താർ അബ്ബാസ് നഖ്‌വി, ഭൂപേന്ദ്ര യാദവ് എന്നിവർ കമ്മീഷനെ അറിയിച്ചു.