തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം. മണി. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയെ പിടികൂടാനെന്ന പേരില്‍ പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ലെന്നും ചൈത്രയ്‌ക്കു വിവരക്കേടെന്നും മന്ത്രി എം.എം. മണി പറഞ്ഞു. അതേസമയം, ചൈത്രയ്ക്കെതിരായ റിപ്പോര്‍ട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ലെന്നാണ് സൂചന. നടപടിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്‌ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ മുഖ്യമന്ത്രി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു‍. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്‌ത്തി കാണിക്കുന്ന പ്രവണത ചിലര്‍ക്കുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ ഇത്തരത്തിലാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

എഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്കും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കെെമാറിയിരുന്നു. റെയ്ഡില്‍ നിയമപരമായി തെറ്റി‌ല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍കയറി റെയ്ഡ് നടത്തുമ്പോള്‍ അല്‍പം കൂടി ജാഗ്രത ഡി.സി.പി കാണിക്കണമായിരുന്നുവെന്ന് എ.ഡി.ജി.പി പരമാര്‍ശമുണ്ട്.