Sunday, September 20, 2026

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധിപറയും. വധശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ ഹർജിയും ഇതിനൊപ്പം പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയുക. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളിൽ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് കണ്ടെത്തിയാണ് കേസിൽ വിചാരണ നടത്തിയഎറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോള്‍ സ്വദേശിനിയും നിയമവിദ്യാർഥിനിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിഷ, ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്.

മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിനെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു, മറ്റാരോ ആണ് കൊലപാതകതം നടത്തിയിരിക്കുന്നത്, ജിഷയെ മുൻപരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലില്‍ അമീറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.

അമീറുൾ ഇസ്‌ലാമിന്റെ അപ്പീലായിരിക്കും കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Related Articles

Latest Articles