Monday, December 22, 2025

അഫ്ഗാനിസ്ഥാൻ ജയിൽ ആക്രമണം. നേതൃത്വം നൽകിയത് മലയാളി ഐ എസ് ഭീകരൻ ഇജ്ജാസ്

ദില്ലി: അഫ്ഗാൻ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ മലയാളി ഐ എസ് ഭീകരൻ. കാസർകോട് സ്വദേശിയായ കെ പി ഇജ്ജാസായിരുന്നു ചാവേർ ആക്രമണം നടത്തിയതെന്ന് രഹസ്യാനേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ ജലാലബാദ് ജയിലിൽ ഇന്നലെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടന്നത്. നങ്കർഹർ പ്രവിശ്യയിലായിരുന്നു സംഭവം. സ്ഫോടനത്തിലൂടെ ജയിൽ കവാടം തകർത്ത് ഭീകരരെ രക്ഷിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്.

ഞായറാഴ്ച വൈകിട്ട് കാറിൽ ബോംബുമായി ജയിൽ കവാടത്തിനു മുന്നിലെത്തിയ ഒരു സംഘം നടത്തിയ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയത്. തുടർന്ന് തോക്കുധാരികൾ ജയിലിലേക്കു കടന്ന് സുരക്ഷ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി. ഇതിനിടെ ഒരു സംഘം ഭീകരർ സ്ഫോടനത്തിലൂടെ ജയിൽ കവാടം തകർത്ത് ഭീകരരെ രക്ഷിച്ചു. 1700 ഓളം തടവുകാർ കഴിയുന്ന ജയിലീലാണ് ആക്രമണം നടന്നത്. തടവുകാരിൽ കൂടുതലും താലിബാൻ, ഐഎസ് ഭീകരരാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഐഎസിന്റെ മുതിർന്ന കമാൻഡറെ പ്രത്യേക സുരക്ഷാ സംഘം വധിച്ചതിനു പിറ്റേ ദിവസമാണ് ഈ ആക്രമണം നടന്നത്. അഫ്ഗാൻ സർക്കാരും താലിബാനുമായി നടത്തിയ താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ഭാഗമായി നൂറോളം താലിബാൻ തടവുകാരെ വിട്ടയച്ചതിന്റെ മൂന്നാം നാളാണ് ഈ ആക്രമണം.

Related Articles

Latest Articles