Tuesday, May 14, 2024
spot_img

ആശങ്കയേറി തിരുവനന്തപുരം ജില്ല: തലസ്ഥാനത്ത് മൂന്ന് പൊലീസുകാർക്ക് കൂടി കൊവിഡ്, സംസ്ഥാനത്ത് ആകെ 85 പൊലീസുകാർക്ക് രോഗബാധ

തിരുവനന്തപുരം: കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന തലസ്ഥാനത്ത് കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സിഐയും, എസ്ഐയുമടക്കം മുഴുവൻ പോലീസുകാരും നിരീക്ഷണത്തിൽ പോയി. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് സ്റ്റേഷൻ പ്രവർത്തിക്കാനാണ് നിലവിൽ തീരുമാനം. നേരത്തെ ഇവിടെ ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പൊലീസുകാർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് ഇതുവരെ 85 പൊലീസുകാർക്കാണ് കൊവിഡ് ബാധിച്ചതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൂടുതൽ പേർക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്കരിച്ചതായും പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.

തലസ്ഥാനത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുകയാണ്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും ഹൃദയശസ്ത്രക്രിയ വാർഡിലെ ഒരു രോഗിക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലും ആശങ്ക അകലുന്നില്ല.

Related Articles

Latest Articles