തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്. ഇതില്‍ 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 2225 പേരാണ്. അതേസമയം ഇന്ന് ആറ് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇന്ന് ഇരുനൂറിലേറെ കൊവിഡ് കേസുകളാണ് ഉള്ളത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍..
കഴിഞ്ഞ 24 മണിക്കൂറിൽ ആകെ പരിശോധന 34988 ആയി. സംസ്ഥാനത്ത് ആകെ 23277 കോവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്നലെ വരെ പുറത്തു നിന്നും 869655 പേർ കേരളത്തിലേക്ക് എത്തി. അതിൽ 332582 പേർ വിദേശത്ത് നിന്നും 537000 പേരിൽ 62 ശതമാനം പേരും കൊവിഡ് റെഡ് സോണ് ജില്ലകളിൽ നിന്നുമാണ് എത്തിയത്. ഓണക്കാലം കൂടിയായതോടെ ആളുകളുടെ വരവ് വർധിച്ചു. സമ്പർക്കവ്യാപനം കൂടിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭവികഘട്ടമാണിത്.
പലവട്ടം പറഞ്ഞ പോലെ ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കൊവിഡ് വ്യാപനത്തിന് അനവധി അനുകൂലഘടകങ്ങൾ നിലനിൽക്കുന്ന സംസ്ഥാനവും ആണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മെയ്, ജൂണ് മാസങ്ങളിൽ 90 ശതമാനം കേസുകളും സമ്പർക്കം വഴിയായിരുന്നു. എന്നാൽ ഇപ്പോഴാണ് കേരളത്തിൽ ആ അവസ്ഥയുണ്ടായത്. കുത്തനെ കൂടുന്നതിന് പകരം ക്രമാനുഗതമായാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്.
നാം കാണിച്ച മുൻകരുതൽ, ജാഗ്രത അതിൻ്റെയെല്ലാം ഫലമാണിത്. സമ്പർക്കം വഴി കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സഹാചര്യത്തിലേക്ക് നാമെത്തി. ഇവിടെ നാം കാണിക്കുന്നത് രോഗികളുടെ എണ്ണം പെട്ടെന്ന് കൂടാതിരിക്കാനുള്ള ജാഗ്രതായണ്. രോഗികളുടെ എണ്ണം വല്ലാതെ കൂടിയാൽ മരണസംഖ്യയും വല്ലാതെ കൂടാം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാവും.അതുണ്ടാവാന്‍ പാടില്ല.
രോഗം വരാതെ എല്ലാവരും ശ്രദ്ധിച്ചേ മതിയാവു.അസാധാരണമായ ഒരുലോകസാഹചര്യം. ആ ഘട്ടത്തിലാണ് തിരുവോണം എത്തുന്നത്. അതിനാൽ തന്നെ അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാൻ നമ്മുക്ക് കഴിയും എന്ന പ്രത്യാശ പടർത്തി കൊണ്ടാവാണം ഇക്കുറി ഓണാഘോഷണം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂലസാഹചര്യത്തിനും അപ്പുറം അനുകൂലമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷ ഭാവിയെ കൂടി പ്രസക്തമാക്കുന്ന സങ്കൽപമാണ്. മാനുഷരെല്ലാം ഒന്നിച്ചുണ്ടായിരുന്ന കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.
എല്ലാ മനുഷ്യരും ഒരുമയിലും സ്നേഹത്തിലും സമൃദ്ധിയിലും കഴിയുന്ന കാലം ഉണ്ടാവും എന്ന പ്രതീക്ഷയിൽ പ്രയത്നിക്കുന്ന എല്ലാവർക്കും ഊർജ്ജം നൽകുന്നതാണ് ആ സങ്കൽപം. ഓണത്തിന് ഒന്നിച്ചിരുന്ന് ഉണ്ണുന്നതും ഓണത്തിന് ഒത്തുകൂടുന്നതും മലയാളിയുടെ ശീലമാണ്. ലോകത്തെവിടെ നിന്നും ഓണത്തിന് വീട്ടിലെത്തുന്നതാണ് മലയാളിയുടെ ശീലം.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കും പ്രയാസങ്ങൾക്കും ഇടയിൽ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ സർക്കാരിനായി. എല്ലാ വേർതിരിവുകൾക്കും അതീതരായി എല്ലാവരും ഒന്നിച്ചു കഴിയുന്ന നല്ല നാളേയ്ക്കുള്ള പ്രചോദനമാകട്ടെ ഓണം. കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്നും നമ്മുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ.
എല്ലാ മുൻകരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. കൊവിഡ് വൈറസ് വ്യാപനത്തിന് ഇടനൽകുന്ന ഒരു കാര്യവും ആരും ചെയ്യരുത്. സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കുക.
നാളെ ഉത്രാടമാണ്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം. നേരത്തെ കടകളിൽ തിരക്ക് കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന പതിവ് കടയുടമകൾ കാണിക്കാറുണ്ട്. ഇക്കുറി എവിടെയും നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയിൽ കയറ്റാവു എന്ന് നിർദേശിച്ചിട്ടുണ്ട്. പഴയ പോലെ ഷട്ടർ അടച്ചിടാനും പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയും, രോഗവ്യാപനം ഉണ്ടാവും.
ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും സൗകര്യം ഉള്ളവർ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാൻ പറ്റുന്ന കടകളിൽ തിരക്കുണ്ടോ എന്ന് അന്വേഷിച്ച ശേഷം പോകുക. തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് കടകളുടെ പ്രവർത്തനസമയം കുറച്ചത്. കടകളിൽ കയറിയാൽ അവശ്യമുള്ള സാധനം വാങ്ങി തിരിച്ചു പോകണം. ബില്ലുകൾ പണമായി നൽകുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കണം. ഷോപ്പിംഗ് കഴിഞ്ഞു വന്നാൽ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കേറാൻ.

