കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മുന്‍വര്‍ഷങ്ങളിലെപ്പോലെയുളള
ഓണാഘോഷങ്ങളൊന്നും തന്നെയില്ല. വീടുകളില്‍ തന്നെയാണ് ആഘോഷം.
എന്നാല്‍ നാം ഏറെ ശ്രദ്ധ ചെലുത്തേണ്ട ഈ കോവിഡ്ക്കാലത്ത് കോവിഡ് 19 എന്ന മഹാവ്യാധിയെ നിയന്ത്രിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്ന് വിശദമാക്കുകയാണ് കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയ തിരുവാതിരക്കളി വീഡിയോയിലൂടെ.
സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈ കഴുകല്‍ ശീലമാക്കണം, വയോധികരും ഗര്‍ഭിണികളും പത്തു വയസ്സില്‍ താഴെ പ്രായമുള്ളവരും വീട്ടില്‍ തന്നെ കഴിയണം തുടങ്ങി കോവിഡ് 19 പ്രതിരോധ സന്ദേശങ്ങളാണ് തിരുവാതിരക്കളിയിലൂടെ നല്‍കുന്നത്.
കേരള ആരോഗ്യകുടുംബക്ഷേമ വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഈ വീഡിയോയില്‍ തൃശ്ശൂര്‍ കൂത്താംപുള്ളി പി.എച്ച്.സിയിലെ ആശ വര്‍ക്കര്‍മാരാണ് തിരുവാതിരക്കളി നടത്തിയിരിക്കുന്നത്. മാസ്‌ക്കും ഗ്ലൗസും ധരിച്ച് തിരുവാതിരക്കളി നടത്തുന്നവര്‍ക്കൊപ്പം ഫെയ്‌സ്ഷീല്‍ഡ് ധരിച്ച മാവേലിയുമുണ്ട്. ബ്രേക്ക് ദ ചെയിന്‍ സന്ദേശം പകരുന്ന പൂക്കളവും ഒരുക്കിയിരിക്കുന്നു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വടക്കുനാഥ ക്ഷേത്രത്തിന്റെ മുന്‍പിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ എം.എന്‍. വിമല്‍ കുമാറിന്റേതാണ് വരികള്‍. ഗാനമാലപിച്ചിരിക്കുന്നത് നന്ദന ഷിബുവാണ്. ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വീടുകളില്‍ തന്നെ ഒതുക്കാം, ഈ ഓണം കരുതലോണം എന്നീ വിവിധ സന്ദേശങ്ങളോടെയാണ് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ അവസാനിക്കുന്നത്.

