കോൺഗ്രസ് പാർട്ടി എത്രമാത്രം അധപതിച്ചു എന്നതിന്റെ നേർത്ത ഉദാഹരണമാണ് കഴിഞ്ഞ കുറെയധികം ദിവസങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
“വിദ്യാർത്ഥികളെ” ഇളക്കിവിട്ടും “കർഷകരെ” ഇളക്കിവിട്ടും സാധിക്കാത്തത് – “ജാതിഭൂതത്തെ” സമൂഹത്തിലേക്ക് അടിച്ചിറക്കിക്കൊണ്ട് സാധിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ പ്രതിപക്ഷം. ചേർന്നു നിർത്താൻ ശ്രമിക്കുന്ന “ഇന്ത്യ” എന്ന വാക്കിലെ ഓരോ അക്ഷരങ്ങളുടെയും ഇടയിൽ കുത്തിട്ട് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പോലെ, പണ്ട് ഭാരതത്തെ ഇന്ത്യയായും പാകിസ്ഥാനെയും വിഭജിച്ച് ഭരണം പിടിച്ചെടുത്ത അതെ തന്ത്രം വർഷങ്ങൾക്ക് ശേഷം വീണ്ടും കളത്തിൽ ഇറക്കുകയാണവർ. ഭാരതമെന്ന വികാരത്തിന് മേൽ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഓരോ പൗരനെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ്, ജാതിയുടെ പേരിൽ വിഭജിക്കാനുള്ള ഈ ശ്രമം നടത്തുന്നത്.
ഇന്ത്യൻ സമൂഹത്തിന് ഏറ്റവും അപകടകരമായ ഒരു കാര്യമാണ് രാഹുൽ ഗാന്ധിയെപ്പോലെയുള്ള ഒരാളെ മുൻനിർത്തിക്കൊണ്ട് തല്പര കക്ഷികൾ ഉയർത്തി വിടുന്നത്. തീക്കൊള്ളികൊണ്ട് തല ചൊറിയും പോലെ തന്റെ സ്വതസിദ്ധമായ അജ്ഞതകൊണ്ട് ഓരോന്ന് വിളിച്ചു പറയുമ്പോൾ തന്നെക്കൊണ്ട് ഇന്ത്യൻ സമൂഹത്തെ വിഭജിക്കുക എന്ന ദൗത്യമാണ് നിർവഹിപ്പിക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാൻ കഴിയാത്തത് തന്നെയാണെന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. വീണ്ടുവിചാരം എന്നൊന്ന് ഉണ്ടെങ്കിൽ ഇതിനൊന്നും തുനിയുമായിരുന്നില്ല. തുടങ്ങി വെച്ചാൽ എളുപ്പത്തിൽ ശമിപ്പിക്കാൻ കഴിയുന്ന ഒന്നല്ല ജാതിസ്പർദ്ധയുടെ കാളകൂടം. മണിപ്പൂരിൽ സാധിച്ചത് ഹിന്ദി ഹൃദയഭൂമിയിലും പടർത്താൻ കഴിയുമെന്ന വ്യാമോഹത്തിന്റെ പുറത്താണ് ഈ തീക്കളിക്ക് ഒരുങ്ങുന്നത്.
അധികാരം കിട്ടാതെ വിറളി പിടിച്ച ഒരു കൂട്ടം തങ്ങൾക്കത് ഒരുമിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ചപ്പോൾ വെട്ടിമുറിച്ചൊരു തുണ്ടെങ്കിലും കിട്ടുമോ എന്നുള്ളത് ശ്രമിക്കാനുള്ള ഒരു വിഫല ശ്രമമാണ് നടക്കുന്നത്. എവിടെയൊക്കെ വിഭജനത്തിന്റെ പഴുതുകൾ കിട്ടുന്നുണ്ടോ, അവിടെയൊക്കെ ആക്രാന്തത്തോടെ ചാടി വീഴുകയാണ് രാഹുൽ. ഇതുവരെ തോന്നാത്ത സിഖ് പ്രേമം, ഖാലിസ്ഥാൻ വാദം വീണ്ടും ഉയർന്ന് വന്നപ്പോൾ സട കുടഞ്ഞെഴുന്നേറ്റ് സുവർണ്ണക്ഷേത്രത്തിൽ ചെരുപ്പ് തുടയ്ക്കാനും, പാത്രം കഴുകാനും എത്തിച്ചത്തിന് പിന്നില്ലേ ചേതോവികാരവും മറിച്ചൊന്നുമല്ല. രാജ്യത്തെ ഒരുമിപ്പിക്കാൻ പെടാപ്പാട് പെടുമ്പോൾ അതിനെ തുരങ്കം വെയ്ക്കുന്ന കളികൾക്ക് കൈക്കോടാലി ആവുമ്പോൾ പത്തുകൊല്ലം മുമ്പത്തെ രാജ്യമല്ല ഇതെന്ന ചിന്ത വേണം. ഒരുമിക്കാൻ ആഗ്രഹിക്കുന്ന ഒരു ജനതയാണ് ഇവിടെ ഭൂരിഭാഗവും. അതിന്റെ നേട്ടം തങ്ങൾക്കാണ് എന്ന് തിരിച്ചറിയുന്ന തലമുറയാണ് ഇവിടെ വളർന്ന് വരുന്നത്. അവർക്കത് തിരിച്ചറിയാൻ കഴിയും.

