Tuesday, April 30, 2024
spot_img

100 മെഡൽ എന്ന സ്വപ്‌നം സ്വന്തമാക്കി! ചൈനയില്‍ ചരിത്രമെഴുതി ഭാരതം!! നേട്ടം വനിതാ വിഭാഗം കബഡിയിലെ സ്വർണ്ണ മെഡലോടെ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഭാരതം. വനിതകളുടെ കബഡി മത്സരത്തിലെ പൊന്നിൻതിളക്കത്തോടെ 100 മെഡൽ എന്ന സ്വപ്നനേട്ടം ഇന്ത്യ സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ വനിതകൾ ചൈനീസ് തായ്‌പേയെ കമഴ്ത്തിയടിച്ചത്. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.

പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്‍റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ചൈനയിലെ ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടന്ന് കുതിക്കുമെന്ന ഉറപ്പായി. അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു.

ഇന്ത്യയുടെ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യ നേടി. ഓജസ് സ്വർണവും അഭിഷേക് വർമ വെള്ളിയും നേടി. പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയൻ സഖ്യവുമായി ഏറ്റുമുട്ടും.

കബഡി ഫൈനലിൽ പുരുഷ ടീം ഇറാനെ നേരിടും. മറ്റ് ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾക്ക് മത്സരമുണ്ട്. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 187 സ്വര്‍ണമടക്കം 354 മെഡലുകള്‍ നേടിയ ചൈനയാണ് ഒന്നാമത്.47 സ്വര്‍ണമടക്കം169 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 36 സ്വര്‍ണമടക്കം 171മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്.

Related Articles

Latest Articles