ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ സേവനം ഓർമപ്പെടുത്താനാണ് നഴ്സസ് ദിനവും നഴ്സസ് വാരാചരണവും നടത്തുന്നത്. നഴ്സസ് വാരാചരണം മേയ് 6 മുതൽ 12 വരെയും നഴ്സസ് ദിനം മേയ് 12 നും ആചരിക്കുന്നു. നഴ്സസ് വാരാചരണത്തോടനുബന്ധിച്ച് കാലാകായികമത്സരങ്ങൾ, വാദപ്രതിവാദങ്ങൾ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നഴ്സുമാരെ ആദരിക്കുക എന്നിവ നടത്തുന്നു. ഈ വർഷത്തെ നഴ്സസ് ദിന പ്രമേയം ‘‘ നഴ്സിംഗ് – സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം നേടിയെടുക്കാനുള്ള ശബ്ദം’’ എന്നുള്ളതാണ്.

ലോകമെമ്പാടും മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസവും കഠിനാധ്വാനവും അർപ്പണമനോഭാവവുമാണ് വിദേശ രാജ്യങ്ങളിൽ അവർക്ക് അംഗീകാരം നേടിക്കൊടുക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല,എങ്കിലും എന്തും നേരിടാനുള്ള ധൈര്യത്തോടെ മുന്നണി പോരാളികളായി നഴ്സുമാർ അണിനിരക്കുന്നു. നിപ വൈറസിനെ ചെറുക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന പ്രിയപ്പെട്ട ലിനിയുടെ ഓർമ നഴ്സസ് ദിനത്തിലെ നൊമ്പരമാകുന്നു ഇന്നും.
കോവിഡ് പ്രതിരോധത്തിനിടയിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാനമാണ്. എന്നിട്ടും നഴ്സുമാർ, ജഐച്ച്ഐമാർ തുടങ്ങിയവർക്ക് കൊറോണ വൈറസ് ബാധയുണ്ടായി. പ്രായം ചെന്ന രോഗികളെ ശുശ്രൂക്ഷിക്കുന്നതിനിടയിലാണ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രേഷ്മയ്ക്ക് രോഗബാധയുണ്ടായത്. ചികിത്സയിൽ കഴിയുമ്പോഴും രേഷ്മ പറഞ്ഞത് രോഗം ഭേദമായാൽ വീണ്ടും കോവിഡ് വാർഡിൽ ജോലി ചെയ്യുമെന്നാണ്. ഇതുതന്നെയാണ് പാപ്പയും അനീഷും സന്തോഷും പറഞ്ഞത്. നഴ്സസ് ദിനത്തിൽ ഇവർ കേരളത്തിന്റെ അഭിമാനമാകുന്നു.
വിദേശ രാഷ്ട്രങ്ങളിൽ പലതിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നഴ്സുമാരും ഡോക്ടർമാരും ജോലി ചെയ്യേണ്ടി വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നഴ്സുമാർ ഇതേസ്ഥിതി നേരിടുന്നതായി പറയപ്പെടുന്നു . ആരോഗ്യ പ്രവർത്തകരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമായി നാം കാണേണ്ടതുണ്ട്.

ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അർപ്പണബോധത്തിന്റെയും പുണ്യ കർമമമായി മാറ്റിയ ഫ്ലോറെൻസ് നൈറ്റിങ്ഗേലിന്റെ ഓർമയ്ക്കായാണ് നഴ്സസ് ദിനം ആഘോഷിക്കുന്നത്. ഉല്ലാസങ്ങളുടെ നഗരമെന്നറിയപ്പെടുന്ന ഇറ്റലിയിലെ ഫ്ളോറൻസിൽ വില്യം എഡ്വേർഡ് നൈറ്റിങ്ഗേലിന്റെയും ഫ്രാൻസിസ് സ്മിത്തിന്റെയും മകളായി 1820 മേയ് 12 നാണ് ഫ്ലോറെൻസ് ജനിച്ചത്.
ജർമനിയിലെ നഴ്സുമാരെ പരിശീലിപ്പിക്കുന്നതിനുള്ള സ്കൂളിൽ ചേർന്ന അവർ 1853 ൽ ലണ്ടനിലെ വനിതാ ആശുപത്രിയിലെ സൂപ്രണ്ടായി. 1854 ൽ ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയ്ക്കെതിരായി ക്രിമിയൻ യുദ്ധമുണ്ടായപ്പോൾ ബ്രിട്ടിഷ്സർക്കാരിന്റെ നിർദേശ പ്രകാരം, മുറിവേറ്റ പടയാളികളെ ശുശ്രൂഷിക്കാൻ നൈറ്റിങ്ഗേൽ യുദ്ധമുഖത്തെത്തി.
മുറിവേറ്റവർക്ക് അവരുടെ സാമീപ്യവും സഹായവും അനുഗ്രഹമായി. രാത്രികാലങ്ങളിൽ രോഗവിവരങ്ങൾ അന്വേഷിക്കാൻ കത്തിച്ച വിളക്കുമായി എത്തുമായിരുന്ന നൈറ്റിങ്ഗേലിനെ രോഗികൾ ‘വിളക്കേന്തിയ വനിത’ എന്നും വിളിച്ചു.
1857 ൽ ഇന്ത്യയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ നൈറ്റിങ്ഗേലിന്റെ ശ്രദ്ധ ഇവിടേക്കു തിരിഞ്ഞു. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി 1859 ൽ ഒരു റോയൽ കമ്മിഷൻ നിയോഗിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ അവരെ സന്ദർശിച്ച് ഉപദേശം തേടുമായിരുന്നു. 1860 ൽ ലണ്ടനിൽ നൈറ്റിങ്ഗേൽ ട്രെയിനിങ് സ്കൂൾ ഫോർ നഴ്സസ് സ്ഥാപിച്ചു.
1907—ൽ ബ്രിട്ടിഷ് സർക്കാർ ഓർഡർ ഓഫ് മെറിറ്റ് നൽകി അവരെ ആദരിച്ചു. ഈ ബഹുമതി ആദ്യം നേടുന്ന വനിതയായി അവർ. 1910 ഓഗസ്റ്റ് 13 ന് നൈറ്റിങ്ഗേൽ ഉണരാത്ത നിദ്രയിലേക്കു പ്രവേശിച്ചു.
ഇന്ത്യയിൽ ,കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ വലിയ പങ്കുവഹിക്കുന്നു. ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിങ്. നഴ്സുമാർ 365 ദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണ്. സുസ്ഥിരവികസനലക്ഷ്യം കൈവരിക്കാനുള്ള താക്കോൽ നഴ്സുമാർ തന്നെയാണ്. അവരുടെ പ്രവർത്തനങ്ങൾ അവശതയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നു. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യപുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്.

ഈ നഴ്സസ് ദിനത്തിലും അവർ ഒരു പോരാട്ട ഭൂമിയിലാണ്,ലോകം കണ്ടത്തിൽവെച്ച് ഏറ്റവും അപകടകാരിയായ കൊറോണ എന്ന വൈറസിനെതിരെയുള്ള പോരാട്ടത്തിൽ.നമ്മുടെ ആരോഗ്യ മേഖലക്ക് താങ്ങും തണലുമായ,ഭൂമിയിലെ മാലാഖാമാർക്കെല്ലാം ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്…

