കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ സാമൂഹ്യസഹായധനം വഴിയില്‍ ചോരാതെ ഇനി സീറോ ബാലന്‍സ് ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലൂടെ സാധാരണക്കാരുടെ പോക്കറ്റിലെത്തും. രാജ്യത്ത് 38.28 കോടി ജനങ്ങള്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്.
കൊറോണ പ്രതിരോധത്തിന്റെ പേരില്‍ ഏപ്രില്‍ 14 വരെ രാജ്യം മുഴുവന്‍ ലോക്ക് ഡൗണായതോടെ, തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് കേന്ദ്രസഹായമായി 500 മുതല്‍ 2000 രൂപവരെ ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ട, അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും. മുഴുവന്‍ തുകയും പിന്‍വലിക്കാം. കര്‍ഷകര്‍ക്ക് 2000 രൂപ, വനിതകള്‍ക്ക് മൂന്ന് മാസക്കാലം 500 രൂപ വീതം, തൊഴിലുറപ്പ് കൂലി വര്‍ദ്ധന, വൃദ്ധകള്‍ക്കും വിധവകള്‍ക്കുമുള്ള സഹായം തുടങ്ങിയവയാണ് പാക്കേജിലുള്ളത്.
ഗുണഭോക്താക്കള്‍ക്ക് നേരത്തെ ലഭിച്ചിരുന്നത് കേന്ദ്രസഹായത്തിന്റെ പതിനഞ്ച് ശതമാനം മാത്രമായിരുന്നു. ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതും അനര്‍ഹക്ക് നല്‍കുന്നതും തടഞ്ഞതിലൂടെ കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം നേട്ടമായത് 28,699 കോടി രൂപ.

