Wednesday, October 14, 2026

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്നും കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.

പാളികൾ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ തിരുത്തൽ വരുത്തി. പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേർത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്‍റെ വാദവും എസ്ഐടി തള്ളുന്നു. അത്തരം ആവശ്യത്തിന് രേഖയില്ല. തന്ത്രിയുടെ അഭിപ്രായവും തേടിയില്ല. മഹസറിൽ തന്ത്രി ഒപ്പുമിട്ടില്ല, അനു‍മതിയും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

പാളികൾ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോ‍ർ‍‍ഡ് പ്രസിഡന്‍റ് രേഖകൾ പരിശോധിച്ചില്ലെന്നും പത്മകുമാറിന്‍റെ ജാമ്യ ഹ‍ര്‍ജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലുണ്ട്. കേസിൽ ദേവസ്വം ബോ‍ർ‍ഡ് അംഗം കെപി ശങ്കരദാസ് 11ാം പ്രതിയാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. ശബരിമല കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ കേസ് അട്ടിമറിക്കാൻ പ്രതികൾ ബംഗലുരുവിൽ ഒത്തുകൂടിയെന്ന് എസ്.ഐടി പറയുന്നു.

നേരത്തെ ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം പുറത്തറിഞ്ഞ് ഹൈക്കോടതി ഇടപെട്ടതോടെ തുടർനടപടികൾ ചർച്ച ചെയ്തുകൊണ്ട് മൂന്നുപേരും ബെംഗളൂരുവിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബർ മാസത്തിൽ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പത്താം പ്രതിയായിട്ടുള്ള പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ബെംഗളൂരുവിൽ ഒത്തുചേർന്നുവെന്നാണ് എസ്ഐടി കണ്ടെത്തിയത്. മൂന്നുപേരുടേയും മൊബൈൽ ടവർ ലൊക്കേഷൻ മുൻ നിർത്തിയാണ് എസ്ഐടിയുടെ കണ്ടെത്തൽ.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശബരിമല സ്വർണക്കടത്തു കേസ് ഹൈക്കോടതിയുടെ മുമ്പിലെത്തിയത്. തട്ടിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് കോടതിയുടെ കർശന ഇടപെടൽ ഉണ്ടായത്. . കട്ടിളപ്പാളിയിൽനിന്ന് 409 ഗ്രാം സ്വർണമാണ് സ്മാർട് ക്രിയേഷൻസിൽ വെച്ച് ശങ്കർ എന്ന വിദഗ്ധൻ വേർതിരിച്ചെടുത്തത്. ഇതിനുശേഷം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈയിൽ സ്വർണമെത്തുകയായിരുന്നു.

Related Articles

Latest Articles