Friday, December 19, 2025

കര്‍ണ്ണാടകയില്‍ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗളൂരൂ: കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച്‌ രണ്ട് സത്രീകള്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാര്‍വതമ്മ (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളയാഴ്ചയാണ് കാമുകനായ ലോകേഷിന്‍റെ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലക്ഷ്മി പ്രസാദത്തില്‍ രാസപദാര്‍ഥം കലര്‍ത്തിയത്. ഈ പ്രസാദം മറ്റുള്ളവരും കഴിച്ചതോടെ വന്‍ ദുരന്തമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിക്കുകയും പതിനൊന്നോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് പ്രസാദത്തില്‍ കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ സഹായിച്ചതിന് ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചിന്താമണിയില്‍ സ്വര്‍ണപ്പണിക്കാരനായ ഭര്‍ത്താവിന്റെ കടയില്‍നിന്നാണ് ലക്ഷ്മി രാസപദാര്‍ഥം കൈക്കലാക്കിയത്. ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഭാര്യയായ ഗൗരിയും കുടുംബവും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.

Related Articles

Latest Articles