ദില്ലി :കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ നിര്‍ദേശം മറികടന്ന് കൂടുതല്‍ മേഖലകളില്‍ കേരളം ഇളവ് നല്‍കിയതില്‍ വിമര്‍ശനം. കൊവിഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് കേരളത്തിന്റെ നടപടിയെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതായുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാകും എന്ത് നടപടി വേണമെന്ന് തീരുമാനിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്.
മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്. ലോക്ക്ഡൗണ്‍ ചട്ടം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഇതില്‍ നിന്നും വ്യതിചലിച്ച് കേന്ദ്രനിഷ്‌കര്‍ഷയ്ക്ക് അധികമായി ഇളവു നല്‍കിയത് പാര്‍ലമെന്റ് പാസ്സാക്കിയ 2005 ലെ നിയമത്തിന്റെ ലംഘനമാണ്.
കൂടാതെ ഇതിന് പുറമെ കഴിഞ്ഞദിവസം റോഡിലിറങ്ങിയ വാഹനങ്ങളുടെ നീണ്ട നിര മാത്രമല്ല, ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവ് അനുവദിക്കുമ്പോൾ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

