ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (NCP) തൊഴിലാളി സംഘടനയുടെ പ്രധാന നേതാവായ ഇയാൾ ഖുൽനയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ബംഗ്ലാദേശിലെ പ്രമുഖ ദേശീയ പത്രമായ ‘പ്രഥം ആലോ’ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ 11:45-ഓടെ ഖുൽനയിലെ സോനാഡംഗ മേഖലയിലുള്ള ഒരു വീടിനുള്ളിൽ വെച്ചാണ് അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർത്തത്.
എൻ.സി.പിയുടെ ഖുൽന ഡിവിഷണൽ കൺവീനറായിരുന്ന സിക്ദർ, വരാനിരിക്കുന്ന വലിയൊരു രാഷ്ട്രീയ റാലിയുടെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടതെന്ന് പാർട്ടി വക്താവ് സൈഫ് നവാസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് സിക്ദറിനെ ഉടൻ തന്നെ ഖുൽന മെഡിക്കൽ കോളേജ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനെത്തുടർന്ന് വിദഗ്ധ സ്കാനിംഗിനായി മറ്റൊരു സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് മാറ്റിയെങ്കിലും, തലയുടെ ഇടതുവശത്ത് ഗുരുതരമായി വെടിയേറ്റ സിക്ദർ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണവാർത്ത പുറത്തുവന്നതോടെ ഖുൽന നഗരത്തിൽ കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

