തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ൻ്റെ സമൂഹവ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും ‘യുദ്ധ മുറി’ (വാര് റൂം) തുറന്ന് സംസ്ഥാന സര്‍ക്കാര്‍. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ഡോ. ഇളേങ്കാവൻ്റെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂം സജ്ജമാക്കുന്നത്. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തിൻ്റെ ഭാഗമായി ഇളേങ്കാവനെ കൂടാതെ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇവര്‍ ഷിഫ്റ്റ് സംവിധാനത്തിലാവും പ്രവര്‍ത്തിക്കുക. സമൂഹ വ്യാപന സാധ്യതകള്‍ മുന്‍നിര്‍ത്തി ലോക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തില്‍ പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനത്തില്‍ ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്. സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യത്തോടെയാണ് മുറി സജ്ജമാക്കുക. പി ഐ ശ്രീവിദ്യ, ജോഷി മൃണ്മായി ശശാങ്ക്, ഹരിത വി. കുമാര്‍, എസ്. ചന്ദ്രശേഖര്‍, കെ ഇന്‍ബശേഖര്‍ എന്നിവരാണ് വാര് റൂമിലെ മറ്റ് അംഗങ്ങള്‍. കൂടാതെ ആരോഗ്യ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ, ഗതാഗത, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നിര്‍ദ്ദേശിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധികളും നടത്തിപ്പില്‍ പങ്കാളികളാവും. വാര് റൂമിന് 0471 2517225 എന്ന ഫോണ്‍ നമ്പറും അനുവദിച്ചിട്ടുണ്ട്.

