കേരളാ പൊലീസിലെ പോപ്പുലർ ഫ്രണ്ട് മോഡ്യൂളുകൾ നിരോധനത്തിന് ശേഷവും തലപൊക്കുന്നു; വിയ്യൂർ ജയിലിൽ കഴിയുന്ന തീവ്രവാദിക്ക് എത്തിച്ചു നൽകിയ ഖുർആനിൽ സിം കാർഡ് ഒളിപ്പിച്ചു നൽകാൻ കുടുംബാംഗങ്ങളുടെ ശ്രമം; പൊലീസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയുണ്ടെന്ന് സൂചന
തൃശ്ശൂർ: പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് എൻ ഐ എ രജിസ്റ്റർ ചെയ്ത കേസ്സുകളിൽ അറസ്റ്റിലായി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ടി എസ് സൈനുദ്ദീനുവേണ്ടി ജയിലിനുള്ളിൽ സിം കാർഡ് ഒളിപ്പിച്ച് നൽകാൻ ശ്രമം. സൈനുദ്ദീനായി വീട്ടിൽ നിന്ന് കൊണ്ടുവന്ന ഖുർആനിൽ സിം കാർഡ് ഒളിപ്പിച്ച് നൽകാനായിരുന്നു കുടുംബാംഗങ്ങളുടെ ശ്രമം. ഒക്ടോബർ 31 നാണ് ഈ ശ്രമം നടന്നത്. ജയിലിലെ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ നടത്തിയ പരിശോധനയിലാണ് ഇത് പിടിക്കപ്പെട്ടത്. തുടർന്ന് ജയിൽ സൂപ്രണ്ട് പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് സൈനുദ്ദീന്റെ ഭാര്യ നദീറ, മകൻ മുഹമ്മദ് യാസിൻ, പിതാവ് മുഹമ്മദ് നാസർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് വിയ്യൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ കൊണ്ടുവന്ന ഖുർആനിൽ സിം കാർഡ് ഒളിപ്പിച്ച് വക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടിരുന്നു. ഇതിനെ തുടർന്ന് പുസ്തകം പരിശോധിക്കുമ്പോഴാണ് സിം കാർഡ് കണ്ടെടുക്കുന്നത്. കാർഡ് എടുത്ത വിലാസം കണ്ടെത്താനായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. പരിശോധനാ ഫലം വന്നശേഷം കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തിൽ അതീവ സുരക്ഷാ ജയിലിലേക്ക് സിം കാർഡ് എത്തിച്ചുകൊടുക്കാൻ കുടുംബാംഗങ്ങളെ പൊലീസിലെ ഒരു വിഭാഗം സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആ നിലയിലും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വിയ്യൂർ പോലീസ് എൻ ഐ എ ക്ക് കൈമാറിയിട്ടുണ്ട്.
നിരോധനത്തിന് ശേഷം സംഘടനയുടെ പ്രവർത്തനങ്ങൾ ജയിലിൽ നിന്ന് നിയന്ത്രിക്കാനും, അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് സൈനുദ്ദീൻ കുടുംബാംഗങ്ങളെയും പൊലീസിലെ ചിലരുടെയും സഹായത്തോടെ സിം കാർഡ് ഖുർആനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ എൻ ഐ എ സംഘം അതീവ ഗൗരവത്തോടെയാണ് വിയ്യൂർ ജയിലിലെ ഈ സംഭവത്തെ കാണുന്നതെന്നാണ് സൂചന.

