Saturday, May 4, 2024
spot_img

കോവിഡിന് ആയുർവ്വേദ മരുന്ന് വിജയകരമെന്ന അവകാശവാദം, വിവാദമാകുന്നു

ബെംഗളൂരു: കോവിഡിനെതിരെയുള്ള ആയുര്‍വേദ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന് സൂചന. മരുന്ന് അവതരിപ്പിച്ച ഡോക്ടര്‍ പരീക്ഷണം പ്രാഥമിക ഘട്ടത്തിലിരിക്കെ മരുന്ന് വിജയകരമെന്ന് അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് നീക്കം.
ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്(ബിഎംസിആര്‍ഐ) എത്തിക്സ് കമ്മിറ്റിയാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത് .

ബെംഗളൂരുവിലെ ആയുര്‍വേദ ഡോക്ടറായ ഗിരിധര്‍ കാജെയാണ് ഗുളികകള്‍ അവതരിപ്പിച്ചത്. എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കാതെയാണ് ഡോക്ടര്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടത്.

ഭൗമ്യ, സാത്മ്യ എന്നീ പേരുകളിലുള്ള രണ്ട് ഗുളികകളാണ് കോവിഡിനെ ചെറുക്കും എന്ന് അവകാശപ്പെട്ടുകൊണ്ട് ഡോക്ടർ അവതരിപ്പിച്ചത്. ഇതേ തുടർന്ന് മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി ഡോക്ടര്‍ക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.

ഡോക്ടറുടേത് അതിരുകടന്ന നടപടിയാണ്. പരീക്ഷണത്തിന്റെ നിലവിലെ സ്ഥിതി അദ്ദേഹം തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണമെന്ന് എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും മുന്നറിയിപ്പു കമ്മിറ്റി നല്‍കി.അതേസമയം , കത്തിലെ ആരോപണങ്ങള്‍ ഡോക്ടര്‍ കാജെ നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Latest Articles