Saturday, May 4, 2024
spot_img

ജോലി നഷ്ടമായ പ്രവാസികള്‍ക്ക് സ്വദേശ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വന്ദേ ഭാരത് ദൗത്യത്തിനു കീഴില്‍ മടങ്ങിവരുന്ന ഇന്ത്യന്‍ പൗരന്മാരുടെ നൈപുണ്യ മാപ്പിംഗ്‌നടത്തുന്നതിനായി സ്‌കില്‍ഡ് വര്‍ക്കേഴ്സ് അറൈവല്‍ ഡാറ്റാബേസ് ഫോര്‍ എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് സ്വദേശ് (SWADES) എന്നപേരിലുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു.

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, വ്യോമയാനമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മടങ്ങി വരുന്ന പ്രവാസികളുടെ യോഗ്യതയും തൊഴില്‍ നൈപുണ്യവും അടിസ്ഥാനമാക്കി, വിദേശ-സ്വദേശ കമ്പനികളുടെ തൊഴില്‍ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള ഒരു ഡാറ്റാബേസ് തയ്യാറാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

ശേഖരിച്ച വിവരങ്ങള്‍ അനുയോജ്യമായ പ്ലേസ്‌മെന്റ് അവസരങ്ങള്‍ക്കായി രാജ്യത്തെ കമ്പനികളുമായി പങ്കിടും. മടങ്ങിവരുന്ന പൗരന്മാര്‍ ഒരു ഓണ്‍ലൈന്‍ സ്വദേശ് സ്‌കില്‍ കാര്‍ഡ് പൂരിപ്പിക്കണം. നൈപുണ്യ വികസനമന്ത്രാലയത്തിന്റെ പദ്ധതി നടപ്പാക്കല്‍ വിഭാഗമായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍എസ്ഡിസി) പദ്ധതി നടത്തിപ്പിന് വേണ്ട പിന്തുണ നല്‍കുന്നു.

മടങ്ങിയെത്തുന്ന പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി www.nsdcindia.org/swades എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഫോം ലഭ്യമാണ്. ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ കോള്‍ സെന്റര്‍സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

2020 മെയ് 30 മുതല്‍,സ്വദേശ് സ്‌കില്‍ ഓണ്‍ലൈന്‍ ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് തൊഴില്‍ നൈപുണ്യമുള്ളപ്രവാസികള്‍ കൂടുതലായി മടങ്ങി വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles