ദില്ലി: കോവിഡ് മൂലം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനൊരുങ്ങി ചൈന. ദില്ലിയിലെ ചൈനീസ് എംബസി ഇത് സംബന്ധിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, ബിസിനസുകാര്‍ എന്നിവരെ പ്രത്യേക വിമാനം വഴിയാകും ചൈനയിലെത്തിക്കുക. ചൈനയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികൾ ഇന്ത്യയില്‍ പഠിക്കുന്നുണ്ട്. ബുദ്ധമത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും നിരവധി ചൈനക്കാര്‍ ഇന്ത്യയിലുണ്ട്. തിരിച്ചെത്താന്‍ താല്‍പര്യമുള്ളവരോട് മെയ് 27ന് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി നിർദേശിക്കുന്നത്.
മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പൗരന്മാരെ തിരികെ കൊണ്ടുപോകുന്നത്. രോഗാവസ്ഥ മറച്ചുവെച്ച് യാത്ര ചെയ്യരുതെന്നും രോഗലക്ഷണമുള്ളവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും എംബസി അറിയിക്കുന്നു. രോഗ വിവരം മറച്ചുവെച്ചാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും എംബസി അറിയിച്ചു. എന്നാല്‍ എന്നാണ് തിരികെ കൊണ്ടുപോകുന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുമ്പോഴാണ് ചൈന സ്വന്തം പൗരന്മാരെ തിരിച്ചുവിളിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

