Thursday, May 16, 2024
spot_img

ദേശസ്നേഹികളുടെ,നിലപാടുകളുടെ,കർമ്മധീരതയുടെ രാജകുമാരൻ…ഇന്ന് വിനായക് ദാമോദര്‍ സവര്‍ക്കര്‍ ജന്മദിനം

‘ദേശസ്‌നേഹികളുടെ രാജകുമാരന്‍’ എന്ന് മഹാത്മാ ഗാന്ധി വിളിച്ചത് ഒരേയൊരു സ്വാതന്ത്ര്യ സമര പോരാളിയെയായിരുന്നു, വിനായക് ദാമോദര്‍ സവര്‍ക്കര്‍. പില്‍ക്കാലത്ത് ഭാരതീയര്‍ ആരാധനയോടെ അതിലേറെ ആവേശത്തോടെ ‘വിപ്ലവകാരികളുടെ രാജകുമാരന്‍’ എന്ന് വിളിച്ചതും ഇതേ വിനായക് ദാമോദര്‍ സവര്‍ക്കറെ തന്നെ. വീര സവര്‍ക്കറുടെ ജന്മദിനമാണ് ഇന്ന്.

ഭാരതത്തിലും ഇംഗ്ലണ്ടിലും സെല്ലുലാര്‍ ജയിലിലും രത്‌നഗിരി ജയിലിലുമായി സവര്‍ക്കര്‍ കൊളുത്തി വിട്ട സ്വാതന്ത്യ സമരജ്വാല കെടുത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനായില്ല. ആ തീപന്തങ്ങള്‍ ഏറ്റുവാങ്ങി ആയിരങ്ങളാണ് രാജ്യമാസകലം വെള്ളക്കാര്‍ക്കെതിരെ അണി നിരന്നത്.

ദേശീയതയും രാഷ്ട്രീയ അധികാരവും ഇടകലര്‍ന്ന കാലഘട്ടത്തിലൂടെയുള്ള സവര്‍ക്കറുടെ ജീവിതം എന്നും ദേശീയതയ്ക്ക് ഒപ്പമായിരുന്നു. അതു തന്നെയാണ് സമകാലീനരീല്‍ നിന്നും സവര്‍ക്കറെ വിത്യസ്തനാക്കിയതും ഇന്നും വീരസവര്‍ക്കര്‍ ജ്വലിക്കുന്ന വിപ്ലവ താരമായി ലക്ഷങ്ങളുടെ മനസില്‍ തെളിഞ്ഞു കത്തുന്നതിന്റേയും കാരണം.

134 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച് 82 വര്‍ഷം ജീവിച്ച സവര്‍ക്കറുടെ ജീവിത യാത്ര ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ദേശീയ ദിശാബോധമായ നാള്‍ വഴികള്‍ തന്നെയായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു നാട് മുഴുവന്‍ പോരാടുന്ന കാലഘട്ടത്തില്‍ ജനിച്ച സവര്‍ക്കര്‍ തന്റെ ജീവിതം സമൂഹത്തിന് വേണ്ടി മാറ്റിവച്ചു.

സമൂഹവും ജനങ്ങളും അക്കാലത്തെ സമര നായകന്മാരും വിത്യസ്ത ശൈലിയില്‍ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ സവര്‍ക്കര്‍ തിരഞ്ഞെടുത്തത് ദേശീയ വാദത്തിന്റെ സമരമുന്നേറ്റങ്ങളായിരുന്നു. ജീവിതവും വാക്കും പ്രവൃത്തിയും സവര്‍ക്കറെ വിപ്ലവകാരികളുടെ രാജകുമാരനാക്കി തീര്‍ത്തു.

1901 ലാണ് യമുനാ ബായിയുമായി വിവാഹം നടക്കുന്നത്. ശേഷം 1902 ല്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജില്‍ ബിരുദത്തിന് ചേര്‍ന്നത്. ഇക്കാലത്ത് തന്നെ തിലകന്റേയും ബിപിന്‍ ചന്ദ്രപാലിന്റേയും ലജ്പത് റോയിയുടേയും ആവേശം ഉള്‍കൊണ്ട് ബംഗാള്‍ വിഭജനവിരുദ്ധ പ്രക്ഷോഭത്തിന്റേയും സ്വദേശി പ്രക്ഷോഭത്തിന്റേയും മുന്നണി പോരാളിയായി.

സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് 63 കൊല്ലത്തെ തടവു ശിക്ഷ, രണ്ട് ജീവപര്യന്തം കോടതി വിധിച്ചു. ഹിന്ദുത്വമാണ് ദേശീയതയെന്ന് ഉദ്‌ഘോഷിച്ച ദേശീയ വാദിയായിരുന്നു സവര്‍ക്കര്‍. ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച സവര്‍ക്കര്‍ ഹിന്ദുത്വ ദേശീയതയുടെ ആരാധ്യപുരുഷനും പ്രചോദകനും ആണ്.

ജയില്‍ ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാനായി സാവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് നിരവധി ദയാഹര്‍ജികള്‍ നല്‍കുകയുണ്ടായി. ജയില്‍ മോചിതനാകാന്‍ വേണ്ടി എന്തും ചെയ്യുമെന്ന് പറഞ്ഞ സവര്‍ക്കര്‍ അത്തരത്തില്‍ പുറത്തിറങ്ങുകയും പിന്നീട് ദേശീയത പ്രചരിപ്പിക്കാന്‍ രാജ്യമൊട്ടാകെ സഞ്ചരിക്കുകയും ചെയ്തു.

സ്വാതന്ത്ര്യനന്തര ഭാരതത്തിന്റെ പരിതസ്ഥിതിയില്‍ അധികാര രാഷ്ട്രീയത്തിന്റെ പിറകെ പോയില്ല. 1966 ഫെബ്രുവരി മാസത്തില്‍ കടുത്ത രോഗബാധിതനായ സാവര്‍ക്കര്‍ തുടര്‍ന്ന് മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു. ഒടുവില്‍ 1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സില്‍ മുംബൈയില്‍ അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

1966 ല്‍ 82 വര്‍ഷത്തെ ജീവിതയാത്ര അവസാനിക്കുമ്പോള്‍ വീര സവര്‍ക്കര്‍ എന്ന നാമം ഇന്ത്യന്‍ ജനത ഹൃദയത്തില്‍ സ്വാതന്ത്ര്യ സമരേതിഹാസത്തിലെ വിപ്ലവ താരകമായി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.

Related Articles

Latest Articles