Wednesday, December 24, 2025

നല്ല ബുദ്ധിയുദിച്ചോ? ബിവറേജസുകളും പൂട്ടുമെന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകള്‍ ഇനിയൊരു അറിയിപ്പുണ്ടാവും വരെ തുറക്കേണ്ടെന്ന് ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടു. ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മദ്യവില്‍പനാശാലകള്‍ തുറന്നാല്‍ മതിയെന്നാണ് എംഡി നല്‍കിയിരിക്കുന്ന നിര്‍ദേശം.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണില്‍ സ്വകാര്യ ബാറുകള്‍ അടച്ചു പൂട്ടിയിരുന്നുവെങ്കിലും മദ്യവില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ വീട്ടിലിരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ മദ്യവില്‍പന ശാലകളില്‍ ആളുകള്‍ തടിച്ചു കൂടുന്ന അവസ്ഥയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്നു ചേരുന്ന മന്ത്രിസഭായോഗം മദ്യവില്‍പന സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ബിവറേജസ് അവശ്യസര്‍വ്വീസായി ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles