പതിവുപോലെ ഈ പാർലമെൻറ് സമ്മേളനത്തിലും രാഹുൽഗാന്ധിയുടെ പ്രസംഗവും അതിന് നരേന്ദ്രമോദിയുടെ ചുട്ട മറുപടിയും നമ്മൾ കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ രാഹുൽ ഇത്തവണയും നിഷ്പ്രഭമായി. മറുപടി കേൾക്കാൻ പോലും രാഹുൽ പാര്ലമെന്റിലെത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏറ്റുമുട്ടാൻ മാത്രം രാഹുൽ വളർന്നിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. ഇന്ത്യയിലെ ഏറ്റവുമധികം രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് രാഹുൽ. ബ്രിടീഷുകാർ ഇന്ത്യ വിട്ടശേഷം ഏറെനാൾ ഈ രാജ്യം ഭരിച്ചത് രാഹുലിന്റെ കുടുംബമാണ്. രാഹുലിന്റ അച്ഛനും അമ്മൂമ്മയും മുത്തച്ഛനും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്നു. അമ്മയാകട്ടേ പത്തുവർഷത്തിലേറെ സൂപ്പർ പ്രധാനമന്ത്രിയും. പക്ഷെ സാധാരണക്കാരിൽ സാധാരണക്കാരനായ നരേന്ദ്ര മോദിയെ രാഹുല്ഗാന്ധിയിൽ നിന്ന് വ്യത്യസ്തനാക്കുന്നു ഘടകമെന്താണ്? വര്ഷങ്ങളുടെ സംഘടനാ പ്രവർത്തന പരിചയവും ഭരണ പരിചയവുമാണ് മോദിയെ വ്യത്യസ്തനാക്കുന്നത്.
പാർട്ടിയുടെ വളർച്ചയിൽ തിരശീലക്കു പിന്നിൽ നിർണ്ണായക ശക്തിയായിരുന്ന മോദി 2002 ൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി എത്തുമ്പോൾ അദ്ദേഹം ഒരു MLA പോലുമായിരുന്നില്ല. മഹാ ഭൂകമ്പത്താൽ തകർന്ന ഒരു സംസ്ഥാനം. ജനപ്രീതി കുറയുന്ന പാർട്ടി ആ സാഹചര്യത്തിൽ രാജ്കോട്ട് മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ആദ്യമായി ജയിച്ച് വന്നത് വെറും 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. രാജ്കോട്ട് മണ്ഡലം അടങ്ങുന്ന മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമമായിരുന്നു അന്നത്തെ തെരെഞ്ഞെടുപ്പ് വിഷയം. മാസത്തിൽ 4 ദിവസം മാത്രം ടാപ്പുകളിൽ കുടിവെള്ളമെത്തിയിരുന്ന രാജ്‌കോട്ടിന് മോദിയുടെ വാഗ്ദാനം മാസത്തിൽ 20 ദിവസവും കുടിവെള്ളമെത്തിക്കും എന്നതായിരുന്നു. ആ വാഗ്ദാനം വോട്ടർമാർ അത്രകണ്ട് വിശ്വസിച്ചില്ല എന്നത് അദ്ദേഹത്തിന്റെ കുറഞ്ഞ ഭൂരിപക്ഷം തെളിയിക്കുന്നു. പാർട്ടിയുടെ ഉരുക്ക് കോട്ടയായ രാജ്‌കോട്ടിൽ ഒരു മുഖ്യമന്ത്രിക്ക് ഉപതെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട ഭൂരിപക്ഷം മോദിക്ക് കിട്ടിയിരുന്നില്ല.
പക്ഷെ മോദി വാക്ക് പാലിച്ചു ഇന്ന് എല്ലാദിവസവും രാജ്‌കോട്ടിൽ നർമ്മദ യിൽ നിന്ന് വെള്ളമെത്തുന്നു. സംസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലേക്ക് മോദി കൈപിടിച്ചുയർത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 12 വർഷങ്ങൾ സംസ്ഥാനത്ത് അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചുകൊണ്ടിരുന്നു. ഒടുവിൽ വാജ്പേയിക്കും അദ്ധ്വാനിക്കും ശേഷം പാർട്ടി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ. ഗുജറാത്ത് അടക്കം പല സംസ്ഥാനങ്ങളും മുഴുവൻ സീറ്റുകളും ബിജെപി ക്ക് നൽകി. അഞ്ചുവർഷത്തെ രാഷ്ട്രസേവനത്തിനു ശേഷം ഭാരതം വീണ്ടും തുടരാൻ വർധിത പിന്തുണനൽകി. ഗോഡ്ഫാദർമാരുടെ പിന്തുണയില്ലാതെ കഠിനാദ്ധ്വാനത്തിന്റെ വര്ഷങ്ങളുടെ സംഘടനാ പ്രവർത്തന പരിചയം, 12 വര്ഷം സംസ്ഥാന മുഖ്യമന്ത്രി, 7 വര്ഷം പ്രധാനമന്ത്രി പദത്തിൽ ഇതൊക്കെയാണ് മോദിയുടെ ശക്തി. പക്ഷെ രാഹുൽ സ്തുതിപാദകരുടെ ഇര മാത്രമായിരുന്നു. പരമ്പരാഗതമായി കുടുംബം കയ്യിൽവച്ചിരുന്ന അമേഠിയിൽ നിന്ന് ജയിച്ചു. കയ്യിലിരുപ്പ് കൊണ്ട് വർഷങ്ങൾക്ക് ശേഷം മണ്ഡലം കൈവിടുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബാന്ധവത്തിൽ ഒരു എം പി സ്ഥാനം. ഇതിലപ്പുറം ഒരു പരിചയമില്ലാത്ത ഒരു വ്യക്തി ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് മോദിയെ പോലുള്ള ഒരു നേതാവിനെ എങ്ങിനെയാണ് നേരിടുക ?

