Friday, June 14, 2024
spot_img

പത്താം ക്ലാസും പാര്‍ട്ടി പ്രവര്‍ത്തനവുമുണ്ടോ? രണ്ടു വര്‍ഷം ജോലി ചെയ്‌താല്‍ പിന്നങ്ങോട്ട് സുഖിക്കാം

മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ പേഴ്സണല്‍ സ്റ്റാഫില്‍ രണ്ടുവര്‍ഷവും ഒരു ദിവസവും ജോലി ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ നല്ല തുക പെന്‍ഷന്‍ വാങ്ങാം.

ഗസറ്റഡ് തസ്തികയില്‍ 1.60 ലക്ഷം വരെ ശമ്ബളം കിട്ടുന്ന പേഴ്സണല്‍ സ്റ്റാഫ് ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത വേണ്ട. നാലു വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചവര്‍ക്കേ പെന്‍ഷന്‍ നല്‍കാവൂവെന്ന ശമ്ബളകമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള അഡി.പ്രൈവറ്റ് സെക്രട്ടറിയുണ്ട്. നിലവിലെ 21 മന്ത്രിമാരും ചീഫ് വിപ്പും സ്വന്തം നിലയില്‍ നിയമിച്ച 362 പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്ബളം നല്‍കാന്‍ 1.42 കോടിയോളം വേണം. ഏഴ് ശതമാനം ഡി.എയും 10 ശതമാനം എച്ച്‌.ആര്‍.എയും മെഡിക്കല്‍ റീ-ഇംപേഴ്സ്‌മെന്റ് ആനുകൂല്യവുമുണ്ട്. ക്വാര്‍ട്ടേഴ്സുകളും കിട്ടും. പ്രതിപക്ഷനേതാവ് പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് 14 പേരെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 623 പേഴ്സണല്‍ സ്റ്റാഫുകളുണ്ടായിരുന്നു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ അനുവദിച്ച്‌ 1994 സെപ്തംബര്‍ 23നാണ് ഉത്തരവിറക്കിയത്. പരമാവധി പെന്‍ഷന് 30 വര്‍ഷത്തെയും ചുരുങ്ങിയ പെന്‍ഷന് 3 വര്‍ഷത്തെയും സര്‍വീസാണ് ചട്ടം. 29 വര്‍ഷത്തിലധികം സര്‍വീസുണ്ടെങ്കില്‍ 30 വര്‍ഷമായും രണ്ടു വര്‍ഷത്തിലധികമുണ്ടെങ്കില്‍ മൂന്നു വര്‍ഷമായും പരിഗണിക്കും. രണ്ടുവര്‍ഷവും ഒരുദിവസവും ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷമായി പരിഗണിച്ച്‌ പെന്‍ഷന്‍ നല്‍കും. 2400 രൂപയും ഡി.ആറുമാണ് ചുരുങ്ങിയ പെന്‍ഷന്‍. ഒരു മന്ത്രിയുടെ കാലാവധിയില്‍ രണ്ടുപേരെ വച്ച്‌ രണ്ടു പേര്‍ക്കും പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നത് പതിവാണ്.

Related Articles

Latest Articles