ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനും തമ്മിലുള്ള വാക്ക്‌പോര് കടുക്കുന്നു. മുഖ്യമന്ത്രി മലര്‍ന്നുകിടന്ന് തുപ്പരുതെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും മുരളീധരന്‍ അറിയുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം
കേന്ദ്രത്തില്‍ ഓരോ വകുപ്പിലേയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാര്‍ തന്നെയാണ് എടുക്കുന്നത്. എന്തറിയുന്നു, എന്തറിയുന്നില്ല എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി കരുതുംപോലെയല്ല കാര്യങ്ങള്‍. കേരളസര്‍ക്കാരിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേതെന്ന് പിണറായി മനസിലാക്കണം.
സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണമെന്നും അവരെ പെരുവഴിലാക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വ്യക്തമാണ്.
കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താന്‍ തയാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

