Monday, September 21, 2026

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. മഡൂറോയ്ക്ക് പകരം ആര് അധികാരത്തിൽ വരണമെന്ന കാര്യത്തിൽ അമേരിക്കയ്ക്ക് വ്യക്തമായ പങ്കുണ്ടാകുമെന്നും മഡൂറോ പാതിവഴിയിൽ ഉപേക്ഷിച്ച ഭരണം മറ്റാരെങ്കിലും ഏറ്റെടുക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ട്രമ്പ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ കസ്റ്റഡിയിലുള്ള മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുദ്ധ കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോവുകയാണെന്നും അവിടെ ഇരുവരും ക്രിമിനൽ വിചാരണ നേരിടുമെന്നും ട്രമ്പ് സ്ഥിരീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ ഊർജ്ജ മേഖലയിലും അമേരിക്കൻ സാന്നിധ്യം ശക്തമാക്കാനാണ് ട്രമ്പിന്റെ പദ്ധതി. ലോകത്തിലെ ഏറ്റവും മികച്ച എണ്ണക്കമ്പനികൾ അമേരിക്കയ്ക്കുണ്ടെന്നും വെനസ്വേലയുടെ എണ്ണ വ്യവസായ പുനരുദ്ധാരണത്തിൽ ഈ കമ്പനികൾക്ക് വലിയ പങ്കുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലിരുന്ന് സൈനിക നടപടികൾ തത്സമയം വീക്ഷിച്ച ട്രമ്പ്, അമേരിക്കൻ സൈനികരുടെ പ്രൊഫഷണലിസത്തെയും ആധുനിക യുദ്ധോപകരണങ്ങളുടെ മികവിനെയും വാനോളം പുകഴ്ത്തി. കമാൻഡോകൾ തമ്മിലുള്ള ആശയവിനിമയം നേരിട്ട് കേൾക്കാൻ സാധിച്ചുവെന്നും ദൗത്യം അത്രമേൽ കൃത്യതയോടെയാണ് നടപ്പിലാക്കിയതെന്നും ട്രമ്പ് വെളിപ്പെടുത്തി.

Related Articles

Latest Articles