Sunday, December 21, 2025

പൂട്ടുതുറന്ന് പ്രധാനമന്ത്രി; ഉംപുണ്‍ നാശം വിതച്ച ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും

ദില്ലി: ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും. ഇരുസംസ്ഥാനങ്ങളിലും നാളെ മോദി സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മാര്‍ച്ച് 25ന് ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ദില്ലിയ്ക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നത്.

നാളെ പശ്ചിമബംഗാളിലും ഒഡിഷയിലും ആകാശനിരീക്ഷണം നടത്തുന്നതിനു പുറമേ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 72 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി. വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരണം വീണും, തകര്‍ന്നുവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ഇങ്ങനെയൊരു ദുരന്തം ജീവിതത്തില്‍ താന്‍ കണ്ടിട്ടില്ലെന്നാണ് മമത പറഞ്ഞത്. ഇത് സര്‍വനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്നും മമതാ ബാനര്‍ജി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുണ്‍ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടല്‍.

Related Articles

Latest Articles