Tuesday, June 18, 2024
spot_img

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്. മാനേജിങ് ഡയറക്ടറുടെ മക്കള്‍ ദില്ലി വിമാനത്താവളത്തില്‍ പിടിയില്‍

ദില്ലി: പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കൾ ദില്ലി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. ഇവർ ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുവരേയും കേരളത്തിലേക്കെത്തിക്കാൻ പോലീസ് ഡൽഹിയിലേക്ക് തിരിച്ചു.

സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ എന്ന റോയിയും, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ ഒളിവിലാണ്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ മടക്കിനൽകാതായതോടെയാണ് പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ ഉയർന്നുവന്നത്. നൂറുകണക്കിന് പരാതികൾ ഉയർന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവിൽ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ മടക്കി നൽകാത്തതിന് കോന്നി പോലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

നിക്ഷേപകന്റെ പരാതിയെ തുടർന്ന് പോപ്പുലർ ഫിനാൻസ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തിരുന്നു. സ്ഥാപനത്തിൽ വലിയ തോതിൽ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകനായ അടൂർ സ്വദേശി സുരേഷ് കെ.വി സബ് കോടതിയിൽ ഹർജി നൽകിയത്. ഹർജി തീർപ്പാകുന്നതുവരെ വസ്തു കൈമാറ്റം ചെയ്യാനാവില്ല.

കേരളത്തിലും പുറത്തും വിദേശ മലയാളികൾക്കുമായി 1600-ന് മേൽ നിക്ഷേപകർക്ക് പണം കൊടുക്കാനുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 100 പേർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. 60 പേർ പരാതി അറിയിച്ചു. വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് 2000 കോടി രൂപ നിക്ഷേപകരിൽനിന്നു സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണക്കുകൂട്ടൽ.

Related Articles

Latest Articles