കൊച്ചി: ബെംഗളൂരു മയക്ക്മരുന്ന് കേസില്‍ കഴിഞ്ഞയാഴ്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത മലയാളികളുടെ വീട്ടില്‍ റെയ്ഡ്. മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്ന കന്നട സീരിയല്‍ നടി അനിഘയ്‌ക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടുലമാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മലയാള സിനിമാ മേഖലയിലടക്കം മയക്ക്മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ അനൂപ് നാട്ടിലേക്ക് വരുമ്പോള്‍ പലരും വീട്ടിലെത്തി കാണാറുണ്ടായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. മൂന്ന് കൊല്ലത്തിലേറെയായി വീട്ടില്‍ നിന്ന് പോയിട്ട്, കഴിഞ്ഞ കുറെ കാലമായി വീട്ടിലേക്ക് വരാറില്ലെന്നും മകന്റെ മയക്ക് മരുന്ന് ബന്ധത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയൊണ് അറിഞ്ഞതെന്നും പിതാവ് പറഞ്ഞു. തുണിക്കച്ചവടവും ഹോട്ടല്‍ ബിസിനസും പറഞ്ഞാണ് ബിരുദ പഠനത്തിന് ശേഷം ബെംഗളൂരുവിലേക്ക് പോയത്. പലരും പണം തന്നാണ് ബിസിനസ് തുടങ്ങുന്നതെന്നും വീട്ടില്‍ പറഞ്ഞിരുന്നു. പീന്നീട് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ലെന്നും ഒരു പെട്ടിക്കട നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന അദ്ദേഹം പറയുന്നു.
ഉന്നതരായ പലരും മയക്ക്മരുന്ന് ബിസിനസില്‍ പണമിറക്കിയിട്ടുണ്ടെന്നാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന വിവരം. സിനിമാ മേഖലയില്‍ വലിയ രീതിയില്‍ മയക്ക് മരുന്ന് ഇറങ്ങിയെന്നത് കൊണ്ട് തന്നെ അതീവ ഗൗരവത്തോടെ തന്നെയാണ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നതും. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലും അറസ്റ്റും ഉണ്ടാവുമെന്ന സൂചനയും നല്‍കുന്നുണ്ട്.
ബിസിനസില്‍ പണം മുടക്കിയവര്‍ക്കെതിരേയടക്കം മൊഴിയുള്ളതിനാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേയും എന്‍.സി.ബി ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ബിനീഷിന് അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനം നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരുന്നു. മാത്രമല്ല പണം കടം കൊടുത്തൂവെന്നും അനൂപിനെ അറിയാമെന്നും ബിനീഷ് സമ്മതിക്കുകയും ചെയ്തിരുന്നു.
വിദേശത്ത് നിന്നടക്കം എത്തിച്ച 20 ലക്ഷം രൂപയുടെ ലഹരി ഗുളികകളാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അനൂപില്‍ നിന്നും റെജീഷ് രവീന്ദ്രനില്‍ നിന്നും പിടിച്ചെടുത്തത്. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട അനിഖയുടെ താമസ സ്ഥലത്ത് നിന്നും ലഹരി ഗുളികകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

