ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ മംദാനി . ഹമാസ് ഒരു ഭീകര സംഘടനയാണെന്ന് വ്യക്തമാക്കിയ മേയർ, ഇത്തരം മുദ്രാവാക്യങ്ങൾക്കും പ്രകടനങ്ങൾക്കും നഗരത്തിൽ സ്ഥാനമില്ലെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. പലസ്തീനിയൻ അസംബ്ലി ഫോർ ലിബറേഷൻ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലാണ് ഹമാസിനെ പിന്തുണച്ചുകൊണ്ടുള്ള ആഹ്വാനങ്ങൾ ഉണ്ടായത്. സിനഗോഗുകളിലും മറ്റ് ആരാധനാലയങ്ങളിലും എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ സംരക്ഷിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിനിടെ ഉയർന്ന ചില മുദ്രാവാക്യങ്ങൾ തെറ്റാണെന്നും ന്യൂയോർക്ക് നഗരത്തിൽ അവയ്ക്ക് സ്ഥാനമില്ലെന്നും മംദാനി ഒരു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിലും പുറത്തുകടക്കുന്നതിലും ന്യൂയോർക്കുകാരുടെ സുരക്ഷയും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഉറപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനെ പ്രത്യേകമായി അപലപിക്കാത്തതിന് വിമർശിക്കപ്പെട്ടതിന് പിന്നാലെ എക്സിൽ പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തി. തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങൾക്ക് നമ്മുടെ നഗരത്തിൽ സ്ഥാനമില്ലെന്നും മംദാനി വ്യക്തമാക്കി
ജെറുസലേമിലെ അമേരിക്കൻ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കെതിരെയായിരുന്നു പ്രതിഷേധം. ഓർത്തഡോക്സ് ജൂതന്മാർ ധാരാളമായി താമസിക്കുന്ന ക്യൂ ഗാർഡൻ ഹിൽസ് പരിസരത്ത് നടന്ന ഈ പ്രകടനം അതീവ സംഘർഷഭരിതമായിരുന്നു.മേയർക്ക് പുറമെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ, കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് എന്നിവരും പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ചു.

