Saturday, December 20, 2025

ഭക്തജന സാന്നിധ്യമില്ലാതെ,മിഥുനമാസ പൂജകൾ; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും

ശബരിമല: മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും. നാളെയും രാവിലെ 5 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും അഭിഷേകവും നടക്കും. പതിവുപൂജകള്‍ കഴിഞ്ഞ് അത്താഴപൂജ എന്നിവക്ക് ശേഷം 7.30 ന് ഹരിവരാസനം പാടി അടയ്ക്കും.

മിഥുനമാസ പൂജയ്ക്കായി നട തുറന്നിരുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. കര്‍ക്കിടക മാസ പൂജകള്‍ക്കായി ക്ഷേത്രം ജൂലൈ 15ന് തുറക്കും.15 മുതല്‍ 20 വരെയാണ് കര്‍ക്കിടക മാസ പൂജകള്‍ നടക്കുക.

ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിന് മുകളിലും വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്ന മണ്ഡപത്തിന് മുകളിലും നവഗ്രഹങ്ങളെയും അഷ്ടദിക് പാലകരെയും തടിയില്‍ കൊത്തിവയ്ക്കുന്നതിന്റെ ഭാഗമായുള്ള തടിപൂജ ഇന്ന് സന്നിധാനത്ത് നടന്നു.

ശില്പി ഇളവള്ളി നന്ദനും കൂട്ടരും ആണ് തടിയില്‍ നവഗ്രഹങ്ങളെയും അഷ്ടദിക് പാലകരെയും കൊത്തി സ്ഥാപിക്കുന്നത്. ശ്രീകോവിലില്‍ പൂജിച്ച തേക്കിന്‍തടി കഷണം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരില്‍ നിന്ന് ശില്പി ഇടവള്ളി നന്ദന്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ .സുധീര്‍ നമ്പൂതിരി ,എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Latest Articles