കൊല്ലം : അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് പൊലീസിനോട് കുറ്റം സമ്മതിച്ചു. സൂരജ് അടക്കം മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട് . ഇതില്‍ ഒരാള്‍ പാമ്പു പിടിത്തക്കാരനാണ്. പാമ്പുപിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പൊലീസിനു വിവരം ലഭിച്ചു. ഇത് ചോദ്യം ചെയ്യലിനിടെ സൂരജ് സമ്മതിച്ചു.ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നും, ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചനയുണ്ട്.
മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുരജിനെ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഉത്രയെ ആദ്യം പാമ്പുകടിച്ചതും കൊലപാതക ശ്രമമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ വിശകലനങ്ങളിലൂടെ പാമ്പ് മറ്റാരുടേയോ സഹായത്തോടെയാണ് ഉത്രയെ കടിച്ചതെന്ന് വ്യക്തമായി. ഇതോടെയാണ് സൂരജിനെ ചോദ്യം ചെയ്തത്. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.
ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്. അതേസമയം ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

