തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവച്ച എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ വിപുലമായ സന്നാഹങ്ങളോടെ ഇന്ന് തുടങ്ങും. സ്‌കൂളുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്ത് പൊലീസിനെയും വിന്യസിക്കും. രാവിലെ വിഎച്ച്എസ്‌സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്എല്‍സി പരീക്ഷയുമാണ് നടക്കുക.
നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് പതിമൂന്നു ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്കെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കര്‍ശന സുരക്ഷാ മുന്‍കരുതലുണ്ടാകും. മാസ്‌ക് നിര്‍ബന്ധം, സ്‌കൂളിന് മുന്നില്‍ കൈകള്‍ അണുവിമുക്തമാക്കും. ഒരു ഹാളില്‍ പരമാവധി 20 കുട്ടികള്‍ മാത്രം.
രോഗലക്ഷണങ്ങളുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കും. ഹോട്ട്‌സ്‌പോട്ടുകളിലും കര്‍ശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. ഹോട്ട്‌സ്‌പോട്ടുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഇല്ലെങ്കില്‍ സമീപത്തെ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ഉറപ്പാക്കി വിദ്യാര്‍ത്ഥികളെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണം.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ കുടിവെള്ളം കുപ്പിയിലാക്കി കൊണ്ടുവരാം. മറ്റുള്ളവര്‍ ഉപയോഗിച്ച കപ്പോ കുടിവെള്ള കുപ്പിയോ ഉപയോഗിക്കരുത്. പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടം കൂടിയുള്ള ചര്‍ച്ചകള്‍ക്ക് വിലക്കുണ്ട്.

