മുംബൈ : ലോകം കോവിഡ് ഭീതിയിൽ കഴിയുന്നതിനിടെ, രോഗ പ്രതിരോധത്തിൽ മുംബൈയിലെ ധാരാവി മികച്ച മാതൃക എന്ന് ലോകാരോഗ്യസംഘടന. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, ഇത്രയും വലിയൊരു ചേരിപ്രദേശത്ത് രോഗവ്യാപനം തടയാന്‍ സാധിച്ചത് കൃത്യമായ ആസൂത്രണങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു.
ഏപ്രിൽ ഒന്നാം തീയതി ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുതൊട്ട് ഇന്നുവരെ സംശയാസ്പദമായ 50,000 -ലധികം വീടുകളിൽ ചെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധനകൾ നടത്തിയിട്ടുണ്ട്. ചേരിയിൽ താമസിക്കുന്ന ഏഴു ലക്ഷത്തോളം പേരെ അവർ ചേരിയുടെ പലഭാഗങ്ങളിലായി സെറ്റപ്പ് ചെയ്തിട്ടുള്ള ഫീവർ ക്ലിനിക്കുകളിലൂടെ തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാക്കി. ആ സ്‌ക്രീനിങ്ങിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ അപ്പപ്പോൾ അടുത്തുള്ള സ്‌കൂളുകളിലേക്കും സ്പോർട്സ് ക്ലബ്ബ്കളിലേക്കും സ്‌ക്രീനിങ്ങിന് പറഞ്ഞയച്ചു, ക്വാറന്റീനിലാക്കി. ഇത്തരത്തിലൂള്ള നടപടികള്‍ സ്വീകരിച്ചതുകൊണ്ടാണ് ധാരാവിയില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കന്‍ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
തെക്കന്‍ കൊറിയ, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെയും ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. ഭാവിയില്‍ രോഗം പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ലോക്ക് ഡൗണുകളില്‍ നിന്ന് പുറത്തുവന്നതിനുശേഷം രാജ്യങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

