Sunday, May 19, 2024
spot_img

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; പിണറായിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ; സംഘർഷം

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് , യുവമോർച്ച സംഘടനകളുടെ പ്രതിഷേധം . മാർച്ച് സംഘർഷ ഭരിതമായി. കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചാണ് സംഘർഷ ഭരിതമായി മാറിയത്.

പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിനിടെ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അബു ഹാഷിം (മനോരമ), ദിനേശൻ (ജന്മഭൂമി), സുനിൽ (അമൃത ടിവി) എന്നിവർക്കാണ് പരിക്കേറ്റത്.

അതേ സമയം കോഴിക്കോട്ട് യൂത്ത് ലീഗ് മാർച്ച് നടത്തിയത് പൊലീസ് അനുമതിയില്ലാതെയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. പ്രവർത്തകർക്കെതിരെ കോവിഡ് പ്രൊട്ടോക്കോൾ പ്രകരം കേസ് എടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.

അതിനിടെ, കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ സുധാകരനടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റിൽപറത്തിയാണ് പ്രതിഷേധ സമരം നടന്നത്. കണ്ണൂരിൽ പൊലീസ് ജലപീരങ്കിയും, ഗ്രനേഡും ഉപയോഗിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് സമരത്തിനിടയിലും സംഘർഷമുണ്ടായി. മന്ത്രി ഇ പി ജയരാജൻ്റെ വാഹനം സമരക്കാർ തടഞ്ഞു.

Related Articles

Latest Articles