Tuesday, June 18, 2024
spot_img

മൂന്നാര്‍ രാജമലയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പതിനൊന്നയി. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ കഴിയുന്ന ദൃശ്യങ്ങൾ കാണാം..

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 11 പേരുടെ മൃതദേഹം കണ്ടെടുത്തു. ലയങ്ങളില്‍ താമസിച്ചിരുന്ന 85ഓളം പേരെ കാണാതായിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പ്രദേശത്തേക്ക് എന്‍.ഡി.ആര്‍.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.

മൂന്ന് ലൈനുകളിലായി 85 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പോലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാലാണിത്.

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

Related Articles

Latest Articles