Tuesday, May 14, 2024
spot_img

രാജ്യത്ത് കോവിഡ് പരിശോധനയിൽ വൻ വർധനവ് ; വെള്ളിയാഴ്ച്ച മാത്രം നാലേകാൽ ലക്ഷം പരിശോധന; രോഗ മുക്തിയിലും ഉയർച്ച

ദില്ലി: രാജ്യത്തെ കോവിഡ് പരിശോധനാ നിരക്കില്‍ റെക്കോര്‍ഡ് വർധനവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ മാത്രം 4.20 ലക്ഷം പരിശോധനകളാണ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെ 1,58,49,068 ടെസ്റ്റുകളാണ് ആകെ നടത്തിയത്.ഐസിഎംആറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളും സംസ്ഥാനങ്ങളുടെ തീവ്രമായ ശ്രമവുമാണ് കോവിഡ് പരിശോധനകള്‍ കൂടാന്‍ ഇടയാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ജനുവരിയില്‍ രാജ്യത്ത് ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോൾ ഒരു പരിശോധനാ കേന്ദ്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് അത് 1301 ആയി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ലാബുകള്‍ ഉള്‍പ്പെടെയുള്ളവയാണിതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

കഴിഞ്ഞയാഴ്ച ദിവസം ശരാശരി മൂന്നര ലക്ഷം പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ ഇത് 4,20,898 ആയി വർധിച്ചു. പത്തു ലക്ഷത്തിന് 11,485 ആണ് ഇപ്പോള്‍ പരിശോധനാ നിരക്ക്.

പരിശോധനകള്‍ കൂടുമ്പോൾ കേസുകള്‍ കൂടുമെന്നും എന്നാല്‍ ക്രമേണ പോസിറ്റിവ് കേസുകള്‍ കുറഞ്ഞുവരുമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡല്‍ഹി ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ കോവിഡ് മരണ നിരക്ക് 2.35 ശതമാനം മാത്രമാണ്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രോഗം ബാധിക്കുന്ന 63.54 പേരും വൈറസ് മുക്തി നേടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles