Saturday, May 4, 2024
spot_img

ലൈഫ് മിഷൻ അഴിമതി. ഫ്ലാറ്റ് നിര്‍മ്മാണത്തിൽ റെഡ് ക്രസന്റിന് പകരം യൂണിടാക്കുമായി കരാർ ഒപ്പുവച്ചത് യുഎഇ കോൺസുൽ ജനറൽ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടുള്ള അട്ടിമറി നീക്കങ്ങളുടെ പുതിയ വിവരങ്ങള്‍ പുറത്ത്. ഫ്ലാറ്റ് നിര്‍മ്മാണത്തിൽ യൂണിടാക്കുമായി കരാർ ഒപ്പുവച്ചത് യുഎഇ കോൺസുൽ ജനറലാണെന്ന വിവരമാണ് പുറത്ത് വരുന്നത്.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനും കോൺസുൽ ജനറലും തമ്മിലാണ് 2019 ജൂലൈ 31 ന് കരാർ ഒപ്പിട്ടത്. അതായത് മറ്റൊരു രാജ്യത്തിന്‍റെ ഭാഗമായ കോൺസുലേറ്റ് നേരിട്ടാണ് ഒരു കരാറുകാരന് കരാര്‍ നൽകിയിരിക്കുന്നതെന്നാണ് വിവരം.

റെഡ് ക്രസന്‍റുമായാണ് സർക്കാർ ധാരണ പത്രം ഒപ്പിട്ടിരുന്നത്. എന്നാൽ ഉപകരാർ നൽകിയപ്പോൾ റെഡ് ക്രസന്‍റും സര്‍ക്കാരും ചിത്രത്തിലില്ലാതാകുകയും കോൺസുലേറ്റും ഒരു കമ്പനിയും തമ്മിലുള്ള കരാറായി ഇത് മാറുകയും ചെയ്തു. റെഡ് ക്രസന്‍റ് നിർമാണത്തിന് പണം നൽകുമെന്നൊരു പരാമര്‍ശം മാത്രമാണുള്ളത്. കരാറുമായി ബന്ധപ്പെട്ട് റെഡ് ക്രസന്‍റ് ചെയ്യേണ്ട കാര്യമാണ് യുഎഇ കോൺസുൽ ചെയ്തത്.

ഇക്കാര്യത്തിൽ റെഡ് ക്രസന്‍റും യുഎഇ കോൺസുലേറ്റും തമ്മിൽ മറ്റ് ഏതെങ്കിലും രീതിയിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം യുഎഇ കോൺസുലേറ്റ് വ്യക്തമാക്കേണ്ടതുണ്ട്. അത്തരത്തില്‍ ഒരു ധാരണയുടെ രേഖ ഇതുവരേയും സര്‍ക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ കരാര്‍ എടുത്തവരോ പുറത്ത് വിട്ടിട്ടില്ല. കരാറിലെ ഒന്നാം കക്ഷി യുഎഇ കോൺസുൽ ജനറലും രണ്ടാംകക്ഷി യുണിടാക്കുമാണ്.  

അതേ സമയം ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ്ക്രസൻറ് സഹായം സ്വീകരിച്ചതിൽ കേന്ദ്രം രേഖാമൂലം കേരളത്തെ അതൃപ്തി അറിയിക്കുമെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. റെഡ്ക്രസൻറ് ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നു എന്നാണ് സൂചന. ലൈഫ് മിഷൻ പദ്ധതിക്ക് 20 കോടി രൂപ റെഡ്ക്രസൻറിൽ നിന്ന് വാങ്ങാൻ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 

ഇടപാടിലെ കമ്മീഷനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പരിശോധിച്ചത്. വിദേശസർക്കാരുകളിൽ നിന്നോ സംഘടനകളിൽ നിന്നോ ധനസഹായം സർക്കാർ സ്വീകരിക്കുമ്പോൾ കേന്ദ്ര അനുമതി അനിവാര്യമെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു. മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം. എന്നാൽ മറ്റു പദ്ധതികളുമായി സഹകരിക്കുമ്പോൾ കേന്ദ്രം അറിഞ്ഞിരിക്കണം.

റെഡ്ക്രസൻറിന് ഇന്ത്യയിലെ പ്രവർത്തനത്തിന് അനുമതി ഇല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒപ്പം കരാർ ഒപ്പിടാൻ വന്ന ഉദ്യോഗസ്ഥരുടെ യാത്രാ രേഖകളും വിലയിരുത്തും. സർക്കാരുമായി ഔദ്യോഗിക ഇടപാടുണ്ടാവും എന്നത് വിസ അപേക്ഷയിൽ പറഞ്ഞിരുന്നോ എന്ന്
പരിശോധിക്കും.

Related Articles

Latest Articles