ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണ്. ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് രാജീവ് ഗൗബ പറഞ്ഞു.
ചൈനയിലേതിന് സമാനമായി കൂടുതല്‍ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റു വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.
അതേസമയം ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ ഒരു തരത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും ഇതിനായി ജില്ല-സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

