Monday, April 29, 2024
spot_img

വടക്കന്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് രണ്ടുവരെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണില്‍ ആദ്യമായാണ് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ വരെയുളള കണക്ക് അനുസരിച്ച്‌ ഒന്‍പതിടങ്ങളില്‍ പത്തു സെ.മീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. കോട്ടയം (20), വൈക്കം (19), ചേര്‍ത്തല (18),കുമരകം (17), കൊച്ചി (15), എറണാകുളം (13), പത്തനംതിട്ടയിലെ കുരുടമണ്ണില്‍, കാഞ്ഞിരപ്പള്ളി (12), കോട്ടയം ജില്ലയിലെ കോഴ (10) എന്നിവിടങ്ങളിലാണ് പത്ത് സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചത്.
ബുധനാഴ്ച ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണെന്നാണ് സ്വകാര്യ ഏജന്‍സികളുടെ വിലയിരുത്തല്‍. നിലവിലെ അനുമാനപ്രകാരം ഓഗസ്റ്റ് രണ്ടുവരെ ശക്തമായ മഴ തുടരും.

Related Articles

Latest Articles