Tuesday, April 16, 2024
spot_img

വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടം. ഇന്ത്യയിലേക്കുള്ള 16 വിമാനങ്ങളിൽ 10 സർവിസുകളും കേരളത്തിലേക്ക്

റിയാദ്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാംഘട്ടത്തിലെ സൗദിയിൽ നിന്നുള്ള ആദ്യ ഷെഡ്യൂൾ പുറത്തുവന്നു. ആഗസ്റ്റ് ഒന്ന് മുതൽ 12 വരെ സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്. രണ്ടു വിമാന കമ്പനികളുടേതുമായി ആകെ 16 ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 10 സർവിസുകളും കേരളത്തിലേക്കാണ്.

റിയാദിൽ നിന്നും അഞ്ചും ജിദ്ദയിൽ നിന്ന് മൂന്നും സർവിസുകൾ കോഴിക്കോട്ടേക്കും റിയാദിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ വീതവുമുണ്ട്. കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും സ്‌പൈസ് ജെറ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്. റിയാദിൽ നിന്നും മുംബൈ, ഹൈദരാബാദ്, ലക്‌നോ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനങ്ങളാണ് മറ്റു സർവിസുകൾ നടത്തുന്നത്. പുതിയ ഷെഡ്യൂളിൽ ദമ്മാമിൽ നിന്നും വിമാന സർവിസുകളില്ല. കേരളത്തിലേക്ക് 1,100 റിയാലും മറ്റു സംസ്ഥാനങ്ങളിലേക്ക് 1,330 റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ.

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ഓരോ സർവിസുകളും പുറപ്പെടുന്ന തീയതിയുടെ മൂന്ന് ദിവസം മുമ്പ് മാത്രമേ അതത് സർവിസിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുകയുള്ളുവെന്നും ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Related Articles

Latest Articles