പത്തനംതിട്ട : ആർക്കിടെക്റ്റ് ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സര്ക്കാരിന് വേണ്ടി ചെയ്ത പ്രോജെക്റ്റുകളുടെ കൂലിക്കായി വര്ഷങ്ങളായി സെക്രെട്ടറിയേറ്റിൽ കയറി ഇറങ്ങുന്ന ആർക്കിടെക്റ്റ് ശങ്കറിന്റെ ദുരവസ്ഥയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശതകോടികളുടെ വൻ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന സെക്രട്ടറിയറ്റിന് മുന്നിൽ ചെയ്ത പണിയുടെ കൂലിക്ക് വേണ്ടി ശങ്കർ കേഴുന്നു. ഉന്നതപദവികളിൽ ഒന്നായ പദ്മശ്രീ നൽകി രാഷ്ട്രം ആദരിച്ച കേരളത്തിന്റെ അഭിമാനം പ്രശസ്ത വാസ്തു ശില്പി കൂടി ആണ് ആർക്കിടെക്ട് ജി. ശങ്കർ.
മുൻ രാഷ്ട്രപതി ശ്രി കെ.ആർ നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 12 കോടി രൂപ ശില്പിയായ ശങ്കർക്ക് സർക്കാർ കൊടുത്തിട്ടില്ല. ഇതോടെ തിരസ്ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് നമ്മുടെ സെക്രട്ടറിയേറ്റ്.
വാസ്തുകലയിലും നിർമ്മാണ പ്രവർത്തനത്തിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനും പ്രമുഖനുമായ പ്രതിഭയാണ് ശങ്കർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ കേരളത്തനിമ വിളിച്ചോതുന്നു. ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്ഷിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
സത്യത്തെയും ധർമ്മത്തെയും എത്രനാൾ കുഴിച്ചു മൂടാൻ കഴിയും? നാടിനോട് ഇത്രയധികം
പ്രതിബദ്ധത ഉണ്ടായിട്ടും അദ്ദേഹത്തോട് ഈ ക്രൂരത സർക്കാർ നടത്തണമോ ?
വളരെ അടിയന്തരമായി സർക്കാർ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണമെന്ന് കുമ്മനം രാജശേഖരൻ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

