ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാര്‍ത്ത സൃഷ്ടിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രിയ കലാകാരന്‍ വിടവാങ്ങള്‍ പല സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും വലിയ അളവില്‍ തേടിയെത്തിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഷാബുരാജിന്റെ അപ്രതീക്ഷിത വിയോഗം. സഹോദര തുല്യനായ ഷാബുരാജിന്റെ ഓര്‍മകള്‍ കലാകാരനും ടെലിവിഷന്‍ താരവുമായ ശംബു കല്ലറ പങ്കുവയ്ക്കുന്നു.
നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. അത്രേയെറെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം കോമഡി സ്റ്റാര്‍സില്‍ എത്തുന്നത്. എനിക്കും ഷാബുവിനും ദീപു നാവായിക്കുളത്തിനും ഒരു മുറിയായിരുന്നു അവിടെ ലഭിച്ചത്.
സാധാരണ പോലെ സംസാരിച്ചും കളിച്ചും ചിരിച്ചും വൈകാതെ തിരിച്ചുവരാനാകും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് എല്ലാവരും നാട്ടിലേക്കു തിരിച്ചത്. പക്ഷേ ഇനി ഞങ്ങളുടെ മുറിയില്‍ ഷാബു ഉണ്ടാകില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.
ഒരു കലാകാരനെന്ന നിലയില്‍ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങള്‍ പഠിക്കും. ഒരു സകലാവല്ലഭന്‍. ഞങ്ങള്‍ രണ്ടു പേരും സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതു കൊണ്ട് പലപ്പോഴും അദ്ദേഹത്തിനു ലഭിക്കേണ്ട അഭിനന്ദനങ്ങള്‍ എന്നെ തേടിയെത്താറുണ്ട്.
ഞാനിപ്പോള്‍ ആലപ്പുഴയിലാണ്. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്കു പോകാനാകില്ല. അവസാനമായി ഒന്നു കാണാന്‍ പോലുമാകാതെ ഷാബു പോവുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.

