കൊച്ചി: സ്വപ്നയുടെ ഫ്ലാറ്റിലെ പാർട്ടികളിൽ പങ്കെടുത്തിരുന്നത് ജോലിയിലെ മാനസിക സമ്മർദം കുറയ്ക്കാനെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻ ഐ എ യോട് പറഞ്ഞു. പലപ്പോഴും ജോലി കഴിഞ്ഞ് അർദ്ധരാത്രിയോടെയാണ് ഓഫീസിൽ നിന്ന് ഇറങ്ങാറുള്ളത്. ഇക്കാരണത്താലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ലാറ്റ് എടുത്തത് . തന്റെ മദ്യപാനം ഉൾപ്പടെയുള്ളവർ പ്രതികൾ മുതലെടുത്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സ്വപ്നയുടെ ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോൾ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് തന്റെ വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
അതേസമയം, കേസില്‍ എം.ശിവശങ്കറിന് എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ആഗസ്റ്റില്‍ തന്നെ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.

