കൊട്ടാരക്കര:ഉത്രയുടെ സ്വർണത്തിൽനിന്നു 15 പവൻ സ്വന്തം ആവശ്യങ്ങൾക്കായി വിറ്റെന്നും മദ്യപാനത്തിനും ധൂർത്തിനുമായി ഈ പണം ചെലവിട്ടെന്നും ഭർത്താവ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റത്. ജ്വല്ലറിയിൽ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.
കേസിൽ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോൾ സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിച്ചിരുന്നു. എന്നാൽ സൂക്ഷിക്കാൻ തയാറാകാതെ പിറ്റേന്നുതന്നെ അവർ തിരികെ ഏൽപ്പിച്ചു. തുടർന്നാണു വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടത്. 38.5 പവൻ തോട്ടത്തിൽനിന്നു കണ്ടെടുത്തിരുന്നു.

