കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ കണ്ണിയായ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. കോടതി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിൽ സ്വപ്‌ന സുരേഷിന് പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എൻ.ഐ.എ കേസ് ഏറ്റെടുത്ത പശ്‌ചാതലത്തിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. കേസിൽ സന്ദീപിനും സരിത്തിനും പങ്കുണ്ടെന്നും സ്വപ്‌നയെ കസ്റ്റഡിയിൽ വേണമെന്നും കേന്ദ്രം വ്യക്തമാക്കി.
കസ്റ്റംസ് അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടുണ്ടെന്നും സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയില്‍ സരിത്തും സ്വപ്‌നയും കള്ളക്കടത്ത് നടത്തിയതായി പറഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും ഈ സാഹചര്യത്തില്‍ ജാമ്യ ഹർജി പരിഗണിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ കോടതിയില്‍ വാദിച്ചത്.
അതേസമയം എഫ്.ഐ.ആറിന്റെ കോപ്പി സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചു. ഇന്ന് കേസിന്റെ പ്രാഥമിക വാദമാണ് നടന്നത്. അടുത്ത ചൊവ്വാഴ്ച വിശദമായ വാദം നടക്കും.

