Wednesday, December 24, 2025

മികച്ച രാഷ്ട്രതന്ത്രജ്ഞൻ, സദ്ഭരണത്തിന്റെ വക്താവ്, ജനകീയനായ മുൻപ്രധാനമന്ത്രി; ജന്മശതാബ്ദി ദിനത്തിൽ അടൽ ബിഹാരി വാജ്‌പേയിയെ സ്മരിച്ച് രാഷ്ട്രം

മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മദിനമായ ഇന്ന് സദ്ഭരണ ദിനം ആചരിച്ച് രാഷ്ട്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പദ്ധതികൾക്ക് തുടക്കമാകും. രാവിലെ സദൈവ് അടലിൽ പ്രാർത്ഥനാ സഭയും പുഷ്പാർച്ചനയും നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ പ്രാർത്ഥനാസഭയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 ന് മദ്ധ്യപ്രദേശിലെ ഖജുരാഹോയിൽ നടക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. സ്മരണിക സ്റ്റാമ്പും നാണയവും അദ്ദേഹം പുറത്തിറക്കും. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

കേരളത്തിലും സദ്ഭരണ ദിനം വിവിധ പരിപാടികളോടെ ആചരിക്കും. ബൂത്ത് – മണ്ഡലം – ജില്ലാ കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും. ബൂത്തുകളിൽ അടൽജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. മണ്ഡലങ്ങളിൽ സദ്ഭരണയാത്രയും ജില്ലാ കേന്ദ്രങ്ങൾ മുൻപ്രധാനമന്ത്രിയുടെ ജീവചരിത്രത്തിൻ്റെ പ്രത്യേക പ്രദർശിനിയും ഉണ്ടാകും. വാജ്പേയ് സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങളുടെ മുമ്പിൽ എത്തിക്കാൻ വിവിധ പരിപാടികൾ നടക്കുമെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.സദാനന്ദൻ മാസ്റ്റർ അറിയിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരന്‍ ഉദ്‌ഘാടനം ചെയ്യും. പരിപാടിയില്‍ മുന്‍.അംബാഡിഡര്‍ ശ്രീ.റ്റി.പി.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും.

1924 ഡിസംബർ 25 ന് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. ഗ്വാളിയോറിലും കാൺപുരിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം1939 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവർത്തകനായി. 1957 ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1968 ൽ ഭാരതീയ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി. 1977 ൽ വിദേശകാര്യ മന്ത്രിയായി. 1980 ൽ ഭാരതീയ ജനതാ പാർട്ടി രൂപംകൊണ്ടപ്പോൾ അതിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1996 ലും 98 ലും 99 ലും അദ്ദേഹം ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. ആദ്യ ഊഴം 13 ദിവസവും രണ്ടാമൂഴം 13 മാസവും മൂന്നാം തവണ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായി. ഇന്ത്യയെ ആണവരാഷ്ട്രമാക്കി മാറ്റിയ പൊഖ്‌റാൻ പരീക്ഷണം നടന്നത് വാജ്‌പേയിയുടെ ഭരണകാലത്താണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തുടക്കമിടാനും വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന വിദേശകാര്യ നയത്തിനും അദ്ദേഹം തുടക്കം കുറിച്ചു.

Related Articles

Latest Articles